ഇന്ന് ലോക തൈറോയ്ഡ് ദിനമാണ്.ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.
ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏതു മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം.
കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണ്ണമായും പ്രതിരോധിച്ച് നിര്‍ത്താൻ കഴിയുന്ന അസുഖമാണ് ഇത്.ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണം.ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്‍റെ ലക്ഷണമാകാം. തൈറോയ്‌ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. ഹോര്‍മോണ്‍ കുറഞ്ഞാല്‍ (ഹൈപ്പോ തൈറോയ്ഡിസം) ശരീരഭാരം കൂടും.
അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരില്‍ വിഷാദവും ഹൈപ്പര്‍തൈറോയിഡിസമുള്ളവരില്‍ ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്.ഹൈപ്പോ തൈറോയിഡിസമുള്ള സ്ത്രീകളില്‍ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആര്‍ത്തവം വരാം. സമയം തെറ്റി വരുന്ന ആര്‍ത്തവം, ശുഷ്‌കമായ ആര്‍ത്തവദിനങ്ങള്‍, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പര്‍തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
തലമുടിയുടേയും ചര്‍മ്മത്തിന്‍റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചര്‍മ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേര്‍ത്ത് ദുര്‍ബലമാകുന്നതും മുടികൊഴിച്ചിലും തൈറോയ്ഡിന്റെ കാരണങ്ങളാകാം.