CrimeNEWS

ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചു; അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന അറസ്റ്റ് ചെയ്തു

ചെന്നൈ: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചതിന് അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിക്കാൻ എത്തിയവരാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെ ഇവർ കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് കപ്പലായ വജ്രയിലെ സേനാംഗങ്ങളുടെ കണ്ണിൽപ്പെടുകയായിരുന്നു.

കൊളംബോ മേഖലയിൽ നിന്നുള്ള ആന്‍റണി ബെനിൽ, വിക്ടർ ഇമ്മാനുവൽ, ആനന്ദകുമാർ, രഞ്ജിത് ഷിരൻ ലിബാൻ, ആന്‍റണി ജയരാജ എന്നിവരാണ് പിടിയിലായത്. ഇവരേയും പിടിച്ചെടുത്ത ബോട്ടും തീരസംരക്ഷണ സേന തൂത്തുക്കുടി പൊലീസിന് കൈമാറി. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള കള്ളക്കടത്തും മനുഷ്യക്കടത്തും അടുത്തിടെ സജീവമായിരുന്നു. ഈ സാഹചര്യത്തിൽ മേഖലയിൽ തീരസംരക്ഷണ സേനയുടെ പട്രോളിംഗ് ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട് ക്യു ബ്രാഞ്ചും കേന്ദ്ര ഇന്‍റലിജൻസും പിടിയിലായവരുടെ പശ്ചാത്തലം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: