തിരുവനന്തപുരം: കൈക്കൂലി ഗുരുതരമായ കുറ്റമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. അഴിമതിക്കാർക്കെതിരെ ശിക്ഷ വർദ്ധിപ്പിക്കണം. അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാർ കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വിവരം പുറത്തുവന്നതാണ് വകുപ്പിൽ ശുദ്ധീകരണ നടപടി തുടങ്ങാൻ കാരണം. അതിനിടെ സുരേഷ് കുമാറിനെ വകുപ്പിൽ നിന്ന് സസ്പെന്റ് ചെയ്തു. പലരിൽ നിന്നും ഇയാൾ 500 മുതൽ 10,000 രൂപ വരെ കൈക്കൂലിയായി വാങ്ങിയിരുന്നു. പണത്തിന് പുറമെ കുടംപുളിയും തേനും വരെ കൈക്കൂലിയായി കൈപ്പറ്റിയിരുന്നതായി വിജിലൻസ് വ്യക്തമാക്കി. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 7 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.