റാന്നി:വെണ്ണിക്കുളം – റാന്നി റോഡിൽ തീയാടിക്കൽ ജംഗ്ഷന് സമീപത്തെ ഒരു ജംക്ഷനാണ് പൊറോട്ട മുക്ക്.ജനങ്ങളെ പൊറോട്ടയുടെ രുചിയിലും മണത്തിലും കൊതിപ്പിച്ചയിടം പൊറോട്ട മുക്കായി മാറിയതിൽ അത്ഭുതമൊന്നുമില്ല.
അയിരൂർ – കൊറ്റനാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കുവയ്ക്കുന്ന തീയാടിക്കൽ കവലയ്ക്ക് 100 മീറ്റർ അപ്പുറമാണ് പൊറോട്ട മുക്ക്.പത്തനംതിട്ട ജില്ലയിൽ ആദ്യമായി പൊറോട്ട ഉണ്ടാക്കുന്ന കട തുടങ്ങിയത് ഇവിടെയാണ്.പൊറോട്ട ഉണ്ടാകുന്നത് കാണുവാനും പഠിക്കുവാനുമായി ധാരാളം ആളുകൾ ഇവിടെ എത്തിയിരുന്നു. 1970 കളിൽ മാവേലിക്കര, എരുമേലി, പത്തനംതിട്ട , റാന്നി എന്നിവിടങ്ങളിൽ നിന്ന് ധാരാളം ആളുകൾ സൈക്കിളിലും ജീപ്പിലും പൊറോട്ടയും ഇറച്ചിക്കറിയും കഴിക്കുവാൻ ഇവിടെ എത്തിയിരുന്നതായി പഴമക്കാർ പറയുന്നു.അന്നത്തെ ആൾക്കാർ പന്തയംവച്ചിരുന്നതും ഇവിടുത്തെ പൊറോട്ടയും ഇറച്ചിക്കറിയുമായിരുന്നത്രെ!
പ്രദേശവാസിയായ ചന്ദ്രവിലാസത്തിൽ ചന്ദ്രൻപിള്ളയാണ് നാടിന് വേറിട്ട ഭക്ഷണം പരിചയപ്പെടുത്തിയത്.ഇന്ന് പൊറോട്ട മുക്കിലെ പഴയ പ്രതാപം അസ്തമിച്ചു. ചെറിയ ഒരു ചായക്കട മാത്രമായി പഴയ പൊറോട്ട കട മാറി.
ആദ്യകാലത്ത് മരോട്ടിച്ചുവട്, കൈമണ്ണിൽപ്പടി എന്നി പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം പൊറോട്ടയെന്ന ഭക്ഷണത്തിന്റെ കടന്നുവരവിൽ പൊറോട്ട മുക്കായി മാറുകയായിരുന്നു.റാന്നി-തിരുവല് ല റൂട്ടിൽ തീയാടിക്കലിനും വെണ്ണിക്കുളത്തിനും ഇടയിലാണ് ഇത് സ്ഥലം.