കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ പരിശോധിക്കാന്‍ വനിതാ ഗൈനക്കോളജിസ്റ്റുകള്‍തന്നെ വേണമെന്ന് നിര്‍ബന്ധമാക്കി. പരിശോധനകള്‍ നിര്‍ദേശിക്കുന്ന മെഡിക്കോ-ലീഗല്‍ പ്രോട്ടോക്കോളില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് ഭേദഗതി വരുത്തി. പോക്‌സോ കേസുകളിലടക്കം ഇത് ബാധകമായിരിക്കും.
പീഡനംനടന്ന് 96 മണിക്കൂറിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏതെങ്കിലും സ്‌പെഷ്യാലിറ്റി ഉള്ള വനിതാ ഡോക്ടര്‍ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു നിലവിലെ പ്രോട്ടോക്കോള്‍. ഇത്തരം കേസുകളില്‍ ഗൈനക്കോളജിസ്റ്റുകള്‍തന്നെ പരിശോധന നടത്തണമെന്ന് നേരത്തേ നിര്‍ദേശമുണ്ടായിരുന്നില്ല. പുതിയ മാനദണ്ഡപ്രകാരം സമയപരിധിയില്ലാതെ ഗൈനക്കോളജിസ്റ്റുകള്‍ പരിശോധന നടത്തണം.
പരിശോധനകളിലെ പോരായ്മകള്‍മൂലം കുറ്റകൃത്യങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാനും സാഹചര്യങ്ങള്‍ വ്യക്തമായി വിലയിരുത്താനും കഴിയുന്നില്ലെന്ന് ഡോക്ടര്‍മാരും പോലീസും പരാതിപ്പെട്ടിരുന്നു. കേസ് വാദത്തിനെത്തുമ്പോള്‍ പലപ്പോഴും തിരിച്ചടി ഉണ്ടാവുകയും പ്രതി തലയൂരുകയും ചെയ്യുമായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ നേത്രരോ?ഗ വിദഗ്ധ ഡോ എസ് ആര്‍ ലക്ഷ്മി ഉള്‍പ്പെടെ ആറ് ഡോക്ടര്‍മാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇവിടെ നിന്നുള്ള വിധിപ്രകാരമാണ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പുതിയ വ്യവസ്ഥ നടപ്പാക്കാന്‍ ഡിഎംഇ ഉത്തരവിറക്കി.
അതേസമയം, പല ആശുപത്രികളിലും പുതിയ മാനദണ്ഡങ്ങളില്‍ പറയുന്നതുപ്രകാരം ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ പരിശോധനകള്‍ പഴയപടിതന്നെ തുടരേണ്ട സ്ഥിതിയുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.