മലപ്പുറം: ദളിത് അധ്യാപികമാര്‍ക്ക് വകുപ്പ് മേധാവി സ്ഥാനം നല്‍കിയ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ തീരുമാനത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റില്‍ എതിര്‍പ്പ്. കംപാരേറ്റീവ് ലിറ്ററേച്ചര്‍ അന്‍ഡ് റഷ്യന്‍ പഠനവകുപ്പ് മേധാവിയായി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദിവ്യ, ഫിലോസഫി പഠനവകുപ്പ് മേധാവിയായി ഡോ. പ്രസന്ന എന്നിവരെ നിയമിച്ച നടപടിയില്‍ രണ്ട് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് വിയോജിപ്പ് അറിയിച്ചത്.
മുന്‍ സിന്‍ഡിക്കേറ്റ് തീരുമാനം തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തിനായി അവതരിപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം. വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ഡോ. ദിവ്യക്കും ഡോ. പ്രസന്നയ്ക്കും വകുപ്പ് മേധാവി സ്ഥാനം നല്‍കിയത്. വകുപ്പ് മേധാവി സ്ഥാനം ആവശ്യപ്പെട്ട് ഡോ. ദിവ്യ അപേക്ഷ നല്‍കിയിരുന്നു. ഇത് ഡിസംബര്‍ 13-നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തള്ളി. തുടര്‍ന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അഞ്ചുവര്‍ഷ അധ്യാപന പരിചയമുള്ളവര്‍ക്കേ വകുപ്പ് മേധാവി സ്ഥാനം നല്‍കാനാകൂവെന്ന് അറിയിച്ചു. നേരത്തെ ഈ ഉത്തരവ് ഉണ്ടായിരുന്നില്ലെന്നും പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ എന്നിവരുടെ അഭാവത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് വകുപ്പ് മേധാവി സ്ഥാനം നല്‍കാറുണ്ടെന്നും കാണിച്ച് ദിവ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പട്ടികജാതി കമ്മിഷനും പരാതി നല്‍കി.
വിഷയത്തില്‍ പട്ടികജാതി കമ്മിഷന്‍ ഇടപെടുകയും സര്‍വകലാശാല രജിസ്ട്രാറോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദളിത് അധ്യാപികമാര്‍ക്ക് വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ച സര്‍വകലാശാലയുടെ നടപടിയ്ക്കെതിരേ പട്ടികജാതി കമ്മിഷന്‍ രൂക്ഷവിമര്‍ശനം രേഖപ്പെടുത്തുകയും ചെയ്തു. അതിനിടയിലാണ് എതിര്‍പ്പുകള്‍ അവഗണിച്ചും വകുപ്പ് മേധാവി സ്ഥാനം ദിവ്യക്ക് നല്‍കുന്നതില്‍ വൈസ് ചാന്‍സലര്‍ ഉറച്ചുനിന്നത്. ഏപ്രില്‍ ഇരുപത്തിയെട്ടിനാണ് രണ്ട് ദളിത് അധ്യാപികമാര്‍ക്ക് വകുപ്പ് മേധാവി സ്ഥാനം നല്‍കി സര്‍വകലാശാല ഉത്തരവിട്ടത്.