KeralaNEWS

മുട്ടത്തുവർക്കി മുതൽ ജോയ്സി വരെ

കൃത്യം എഴുപതു വർഷം മുൻപാണ് മലയാള നോവലിൻ്റെ ഭാവുകത്വ ചരിത്രത്തെ നെടുകെ പിളർന്ന ജനപ്രിയ നോവൽ പ്രസ്ഥാനത്തിന് ഇണപ്രാവുകൾ എന്ന രചനയിലൂടെ മുട്ടത്തു വർക്കി തുടക്കമിടുന്നത്. വായനയിലെ വർഗ, ലിംഗ സമരങ്ങളെ സമൂലം പുനർനിർണയിച്ച നൂറ്റമ്പതോളം നോവലുകളിലൂടെ മാത്രമല്ല വർക്കി ആധുനിക മലയാള ഭാവനയിലെ കൾട്ട് ഫിഗറായി മാറിയത്.മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയസൃഷ്ടികൾ മുപ്പതിലധികം  വർക്കിയുടെ തിരക്കഥകളിൽ പിറന്നു. 1950-80 കാലത്ത് മലയാളിയുടെ നോവൽ വായനയുടെ ഒരു പകുതി ലോകം മുട്ടത്തു വർക്കിയാണ് ഭരിച്ചത്.
അതേസമയം ജനപ്രിയ വാരികകൾ 20 ലക്ഷം കോപ്പികൾ വരെ അച്ചടിച്ച 1985- 95 കാലത്ത് മുട്ടത്തു വർക്കിയുടെ(1987-ലായിരുന്നു മുട്ടത്തു വർക്കിയുടെ മരണം) പ്രഭാവം പ്രത്യക്ഷമായി ഉണ്ടായിരുന്നുമില്ല.കാനം ഇ.ജെ യുടെ സുവർണ കാലവും അസ്തമിച്ചിരുന്നു. മാത്യു മറ്റമായിരുന്നു അക്കാലത്തെ താരം.കോട്ടയം പുഷ്പനാഥിൻ്റെ പിന്മുറക്കാരായി തോമസ് ടി. അമ്പാട്ടും ബാറ്റൺ ബോസും ഉയർന്നു വന്നതും ഇക്കാലത്താണ്.
മനോരമ, മനോരാജ്യം,മംഗളം പൗരധ്വനി, ജനനി, ചെമ്പകം,സഖി, മാമാങ്കം ….കോട്ടയം വാരികകളിൽ ചിറകുവിരിച്ചു പറന്ന പൈങ്കിളിയുടെ നായകത്വം വളരെ വേഗമാണ് ജോയ്സിയുടെ(Joy Chovattukunnel) കൈകളിലെത്തിയത്.1982- ൽ ആദ്യ നോവൽ പ്രസിദ്ധീകരിച്ച ജോയ്സി യുടെ എഴുത്തിൻ്റെ നാല്പത്തൊന്നാം വർഷമാണിത്.
ജോയ് സി, ജേസി ജുനിയർ, സി.വി നിർമ്മല, ജോസി വാഗമറ്റം എന്നിങ്ങനെ പല പേരുകളിൽ ഒരേ സമയം ജോയ്സി എഴുതിയ 70 ലധികം നോവലുകൾ ഓരോന്നും വൻ ജനപ്രീതി നേടി.വർക്കി സിനിമയിൽ നേടിയ വിജയം ജോയ്സി ടെലിവിഷൻ സീരിയലിൽ നേടി.മനോരമ വാരികയിൽ മാത്രം 52 നോവലുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.
കാനവും മുട്ടത്തുവർക്കിയും, ചെമ്പിൽ ജോണും, ജോൺ ആലുങ്കലും, വല്ലച്ചിറ മാധവനും മൊയ്‌തു പടിയത്തും കോട്ടയം പുഷ്പനാഥും ജോൺസൺ പുളിങ്കുന്നും ഈ സാഹിത്യശാഖയിലെ മുൻതലമുറയിൽപ്പെട്ട എഴുത്തുകാരാണ്‌.ഓരോരുത്തർക്കും അൻപതിനും, നൂറിനുമിടക്ക്‌ പുസ്‌തകങ്ങളുമുണ്ട്‌. മലയാളമനോരമയും മനോരാജ്യവുമാണ് അക്കാലത്തെ (1960-1970 കളിൽ) പ്രമുഖ വാരികകൾ.ഇവരുടെ പിൻഗാമികൾ ആയിരുന്നു മാത്യു മറ്റം, ജോയ്‌സി, സുധാകർ മംഗളോദയം, കെ.കെ.സുധാകരൻ, പി.ജി.തമ്പി, പി.വി.തമ്പി, ഏറ്റുമാനൂർ ശിവകുമാർ,  സിദ്ധീഖ്‌ ഷമീർ, ഉണ്ണിജോസഫ്‌, കെ.എസ്‌.ശിവദാസ്‌, സതീഷ്‌ കച്ചേരിക്കടവ്‌, രാജു തുരുത്തി എന്നിവർ… ഇവരുടെ നോവലുകളും വലിയ ജനപ്രീതി നേടിയ കാലഘട്ടമായിരുന്നു അത്‌.പുരുഷ എഴുത്തുകാരുടെ ഒപ്പം വനിതാ നോവലിസ്‌റ്റുകളും ഏതാണ്ട്‌ ഈ സമയത്താണ്‌ വാരികകളിൽ പ്രത്യക്ഷപ്പെടുന്നത്‌. ചന്ദ്രക്കലാ എസ്‌. കമ്മത്തും മല്ലികാ യൂനിസും കമലാ ഗോവിന്ദും അഖിലയും ജനഹൃദയങ്ങളിൽ ഇരിപ്പിടം സ്വന്തമാക്കിയവരാണ്‌. പ്രസന്നൻ ചമ്പക്കര, മുരളി നെല്ലനാട്‌, വെണ്ണല മോഹൻ, സുരേഷ്‌ ഐക്കര അശ്വതി അരവിന്ദ്‌ തുടങ്ങിയ ഒട്ടേറെപ്പേർ പിന്നീട് ഈ രംഗത്തേക്ക് കടന്നു വന്നു.
മലയാളത്തിലെ സാമാന്യ വിദ്യാഭ്യാസം മാത്രമുള്ളവർ, അക്ഷരങ്ങളെ തപ്പിത്തടഞ്ഞ്‌ വായിക്കാൻ മാത്രം ശീലമുള്ളവർ ഇവരുടെ നോവലുകൾ അത്യധികം ആവേശത്തോടെ വായിച്ചിരുന്നു. പലപ്പോഴും അതിനുകാരണം ഇവർ എഴുതിയിരുന്നത്‌ അവരുടെ (വായനക്കാരന്റെ) ജീവിതം തന്നെയായിരുന്നു എന്നതു തന്നെയാണ്‌.സാഹിത്യ അക്കാദമിയിലോ ഉച്ചഭാഷിണികളുടെ മുന്നിലോ ഇവർക്ക്‌ സ്‌ഥാനമുണ്ടായിരുന്നില്ലെങ്കിലും സാധാരണ മലയാളികളുടെ മനസ്സിൽ ഇവർക്ക്‌ സിംഹാസനസമാനമായ ഇരിപ്പിടങ്ങളാണ് എന്നുമുണ്ടായിരുന്നത്.
1975-85 കാലഘട്ടത്തിൽ കോട്ടയത്തു നിന്നുമാത്രം പതിനഞ്ചോളം വാരികകളാണ് പുറത്തിറങ്ങിക്കൊണ്ടിരുന്നത്..ടി.വിയുടെ അതിപ്രസരം സാധാരണക്കാരന്റെ വായനയെ ഞെക്കിക്കൊല്ലുന്ന സമയം വരെ കോട്ടയത്തുനിന്ന്‌ ഇങ്ങനെ ഒട്ടേറെ വാരികകൾ ഇറങ്ങിയിരുന്നു.ക്രമേണ വാരികകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവന്നു.ഇന്നുള്ളത് മനോരമ മാത്രം!

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: