Movie

പാട്ടിന്റെ പാലാഴി ഒരുക്കിയ, കെ സുകുവിന്റെ ‘കൊട്ടാരം വിൽക്കാനുണ്ട്’ പ്രദർശനത്തിനെത്തിയിട്ട് മെയ് 23 ന് 48 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

   ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച പാട്ടുമായി വന്ന ‘കൊട്ടാരം വിൽക്കാനുണ്ട്’ 48 വർഷം പിന്നിടുന്നു. 1975 മെയ് 23 റിലീസ്. കെ സുകു ആണ് കഥയും, സംവിധാനവും, നിർമ്മാണവും. തിരക്കഥ ജഗതി. പ്രേംനസീറും ജയഭാരതിയും ആയിരുന്നു മുഖ്യതാരങ്ങൾ.

Signature-ad

ആ പഴഞ്ചൻ കൊട്ടാരത്തിന് സുഖകരമല്ലാത്ത ഓർമ്മകളുണ്ട്. കൊട്ടാരത്തിന്റെ അവകാശിയായ ഭാസ്ക്കര വർമ്മയുടെ ഭാര്യ മാർഗരറ്റ് തമ്പുരാട്ടി പിണങ്ങിപ്പോയതാണ്. തമ്പുരാൻ പിന്നെ അധികകാലം ജീവിച്ചില്ല. അത് മാത്രമല്ല, അതിലും ഭൂതകാലത്ത് അവിടെ ദുർമ്മരണങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് സ്വിമ്മിങ് പൂൾ ആയി മാറിയ താമരക്കുളത്തിൽ വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടിരുന്നു.

ആ കൊട്ടാരത്തിൽ ദുർഭരണം നയിച്ചിരുന്ന ഒരു രാജാവുണ്ടായിരുന്നു. മാത്രമല്ല ഒരു വിപ്ലവകാരിയും അവനെ  പ്രണയിച്ച ഒരു പെൺകൊടിയുമുണ്ടായിരുന്നു. രണ്ട് പ്രണയപക്ഷികളുടെ കണ്ണീരും രക്തവും വീണൊഴുകുന്നത് കാണാനായിരുന്നു ആ കൊട്ടാരത്തിന് യോഗം.  കൊട്ടാരം ഇപ്പോൾ അനന്തരാവകാശികളില്ലാതെ അനാഥമായി നിലകൊള്ളുന്നു.

വയലാർ- ദേവരാജൻ ടീമിന്റെ 6 ഗാനങ്ങളുണ്ടായിരുന്നു. ‘ചന്ദ്രകളഭം’ മാധുരിയും പാടി. ‘തൊട്ടേനെ ഞാൻ മനസ്സു കൊണ്ട് കെട്ടിപ്പിടിച്ചേനെ’ ആണ് മറ്റൊരു ഹിറ്റ്. നസീർ അന്തരിച്ച സമയത്ത് ദൂരദർശൻ ആവർത്തിച്ച് ഉപയോഗിച്ച പാട്ടാണ് ‘ചന്ദ്രകളഭം’. വയലാറിന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച സ്മൃതിമണ്ഡപത്തിന്റെ പേര് ചന്ദ്രകളഭം എന്നാണ്. കൊട്ടാരം വിൽക്കാനുണ്ട് റിലീസ് ചെയ്‌ത്‌ അധികം കഴിയുന്നതിന് മുൻപ് വയലാറും വിടവാങ്ങി.

Back to top button
error: