KeralaNEWS

സര്‍ക്കാര്‍ വാഹനങ്ങളിലെ ഫ്ളാഷ് ലൈറ്റുകള്‍ക്ക് പിടിവീഴും; മോഡിഫിക്കേഷന്‍ വരുത്തുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ പിടിക്കാന്‍ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വാഹനങ്ങളില്‍ നിയമവിരുദ്ധമായി പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ പിടികൂടി പിഴ ചുമത്താന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ വാഹനങ്ങളിലായാലും നിയമവിരുദ്ധമായി എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ വാഹനങ്ങളിലെ ബോണറ്റില്‍ പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ പിടികൂടി പിഴ ചുമത്താന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി റോഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളില്‍ എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ നീക്കം ചെയ്ത് തുടങ്ങിയതായാണ് വിവരം.

ഇതിന് പുറമേ യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. വാഹനത്തില്‍ മോഡിഫിക്കേഷന്‍ വരുത്തി യാത്ര ചെയ്യുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാഹനത്തില്‍ മോഡിഫിക്കേഷന്‍ വരുത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Back to top button
error: