KeralaNEWS

എസ്എസ്എല്‍സിക്ക് വലിയ വിജയം; മലപ്പുറത്ത് തുടര്‍പഠനം ചോദ്യചിഹ്നമായി 21,812 കുട്ടികള്‍

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറം ജില്ലയില്‍, ഇത്തവണയും 28 ശതമാനം പേര്‍ക്ക് ഉന്നത പഠനത്തിന് സീറ്റുകളില്ല. 77,000ലധികം കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ കുറവ് നികത്തണമെന്ന ആവശ്യമായി പ്രതിഷേധം ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍.

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഉള്‍പ്പെടെ 44,740 പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയിലുള്ളത്. ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത് 77,827 കുട്ടികളും. അണ്‍ എയ്ഡഡ്, പോളിടെക്‌നിക്, ഐടിഐ ഉള്‍പ്പെടെയുള്ള ഉപരി പഠന സാധ്യതകളെല്ലാം ഉപയോഗിച്ചാലും 56,015 സീറ്റുകളാണ് ആകെയുള്ളത്. 21,812 കുട്ടികള്‍ക്ക് നിലവിലെ സ്ഥിതി പ്രകാരം സീറ്റു ലഭിക്കില്ല.

പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി സര്‍ക്കാര്‍ നിയോഗിച്ച വി.കാര്‍ത്തികേയന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആവശ്യം. സിബിഎസ്ഇ, ഐസിഎസ്ഇ ഫലങ്ങളും വരുന്നതോടെ ജയിക്കുന്ന കുട്ടികളും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളില്‍നിന്ന് വരുന്ന കുട്ടികളും സേ പരീക്ഷയില്‍ വിജയിക്കുന്ന കുട്ടികളും ചേരുന്നതോടെ മലപ്പുറത്ത് ഉപരി പഠനത്തിന് യോഗ്യത നേടുന്ന കുട്ടികളുടെ എണ്ണം വീണ്ടും ഉയരുമെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ പി.അബ്ദുല്‍ ഹമീദ് ചൂണ്ടിക്കാട്ടി.

മുന്‍ വര്‍ഷത്തേക്കാള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഇത്തവണ ജില്ലയില്‍ വര്‍ധനയുണ്ട്. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍ തുടര്‍ പഠനത്തിന് അവസരം ലഭിക്കുമോയെന്നാണ് ആശങ്ക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: