KeralaNEWS

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് കൊച്ചിയിൽ ആരംഭിച്ചു;മലയാളികള്‍ക്ക് കനത്ത തിരിച്ചടി

കൊച്ചി– ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബ് ചെയ്യുന്ന രീതിയില്‍ സൗദി അറേബ്യ മാറ്റം വരുത്തിയത് മലയാളികള്‍ക്ക് കനത്ത തിരിച്ചടിയായി.സ്റ്റിക്കര്‍ പതിക്കുന്നതിന് പകരം ക്യു ആര്‍ കോഡുകളുള്ള ഇലക്‌ട്രേണിക് വിസകളാണ് ഇനിമുതൽ ലഭ്യമാവുക.
കേരളത്തില്‍ നിന്നുള്ളവര്‍ കോണ്‍സുലേറ്റിന് പകരം കൊച്ചിയിലെ വിഎഫ്‌എസ് സെന്ററിലാണ് വിസ സ്റ്റാമ്ബിങിന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നെരത്തെ ട്രാവല്‍ ഏജന്‍സികള്‍ ചെയ്തിരുന്ന ജോലിയാണിത്.പുതിയ സംവിധാനത്തില്‍ കൊച്ചിയിലെ വി എഫ് എസ് സെന്ററില്‍ നേരിട്ട് ഹാജരാകണം. 17000 രൂപയുടെ ചെലവും ഇതിനുണ്ട്.നേരത്തെ ബോംബൈ വഴി 10,000 മുതലായിരുന്നു സ്റ്റാമ്ബിങ് ചാര്‍ജ്.
സൗദി അറേബ്യയിലേക്ക് ഏറ്റവുമധികം ആളുകള്‍ പോകുന്നത് മലബാറില്‍ നിന്നായതുകൊണ്ടു തന്നെ കൊച്ചിയിലെ വിസ ഫെസിലിറ്റേഷന്‍ സെന്ററിലെത്തുന്നവരില്‍ 90 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. ഇന്ന് വിസാ സ്റ്റാമ്ബിങ്ങ് നടത്തണമെങ്കില്‍ തലേദിവസം കൊച്ചിയിലെത്തി മുറിയെടുത്ത് താമസിച്ച്‌ ഒരു ദിവസം കൂടി കൊച്ചിയില്‍ തങ്ങേണ്ട അവസ്ഥയാണ് പലര്‍ക്കും. വി എഫ് എസില്‍ നടപടിക്രമങ്ങള്‍ മണിക്കൂറുകള്‍ വൈകുന്നതിനാല്‍ അനുവദിച്ചിരിക്കുന്ന സ്ലോട്ടില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് വിശ്വസിച്ച്‌ മടക്കടിക്കറ്റെടുത്ത് ട്രെയിനില്‍ വരുന്നവര്‍ക്ക് യാത്രാക്കൂലിയായും താമസച്ചെലവായും പലവിധത്തിലുള്ള ധനനഷ്ടം നേരിടേണ്ടി വരുന്നു.

രേഖകളിലെ പോരായ്മ പരിഹരിക്കാന്‍ ചിലര്‍ക്ക് പലവട്ടം രേഖകള്‍ പുറത്തു കൊണ്ടു പോയി നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കേണ്ടി വരും. ഫോട്ടോയുടെ സൈസില്‍ ചെറിയൊരു മാറ്റമുണ്ടെങ്കില്‍ അതും പുറത്തുകൊണ്ടു പോയി മാറ്റിയെടുക്കേണ്ടിവരും. ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ ഇതുമൂലം ബുദ്ധിമുട്ടുകയാണ്.

 

വി എഫ് എസ് സെന്ററിലെ പ്രവര്‍ത്തനം തുടക്കം മുതലേ താളപ്പിഴയിലാണ്. ഓണ്‍ലൈനായി അപേക്ഷിച്ച്‌ കൃത്യമായ ടൈം സ്ലോട്ടിലാണ് എല്ലാവരും എത്തുന്നതെങ്കിലും മണിക്കൂറുകളുടെ കാലതാമസം നേരിടേണ്ടിവരുന്നതായി അപേക്ഷകര്‍ പരാതിപ്പെടുന്നു. ചെറിയൊരു മുറിയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കുടുംബമായി വരുന്നവര്‍ പുറത്ത് മഴയും വെയിലും കൊണ്ട് കാത്തിരിക്കണം. ഹജ്ജ് സീസൺ തുടങ്ങുന്നതോടെ പ്രശ്നങ്ങൾ ഇനിയും രൂക്ഷമാകാനാണ് സാധ്യത.

 

 

ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റ്, എംബസികളിലാണ് വിസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്ബ് ചെയ്യുന്ന രീതി അവസാനിപ്പിച്ചത്. തൊഴില്‍, സന്ദര്‍ശക വിസകള്‍ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്ബ് ചെയ്യുന്നതിന് പകരം ക്യു ആര്‍ കോഡുള്ള പേപ്പര്‍ വിസകളാണ് ലഭിക്കുക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: