കോഴിക്കോട്: കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കലക്ടര്‍ സ്വീകരിച്ച നടപടികളോട് വനംവകുപ്പിന് വിയോജിപ്പില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമപരമായി പ്രവര്‍ത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
”ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചതിനെ ചോദ്യം ചെയ്ത് ഹര്‍ജികള്‍ കോടതിയിലേക്ക് പോയി. കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാന്‍ വനംവകുപ്പിന് കഴിയില്ല. കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയില്‍ പോയേക്കും. കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയേക്കാം” മന്ത്രി പറഞ്ഞു.
”മരിച്ചു പോയവരെ വച്ച് ചിലര്‍ വിലപേശുന്നു. ചില സംഘടനകള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. കാട്ടുപോത്തിനെ വെടിവയ്ക്കുന്നതിന് ഒരു സിസിഎഫിനെ ചുമതലപ്പെടുത്തി. ഉചിതമായ നടപടി സ്വീകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണും. കാട്ടുപോത്തിനെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. അവരെ നിരാശരാക്കരുത്, സമ്മര്‍ദത്തിലാക്കരുത്” മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍, കെസിബിസിയുടെ പ്രസ്താവന പ്രകോപനപരമെന്ന് മന്ത്രി ആരോപിച്ചു. ”മത മേലധ്യക്ഷന്‍മാര്‍ പ്രത്യേകിച്ച് കെസിബിസി ഉത്തരവാദിത്വമുള്ളവരാണ്. പക്വതയോടെ കാര്യങ്ങള്‍ ചെയ്യുന്നവരാണവര്‍. ഇപ്പോഴത്തെ നിലപാട് ആ പാരമ്പര്യത്തിന് ചേരുന്നതാണോ എന്നവര്‍ ആലോചിക്കണം. പ്രകോപനമുണ്ടാക്കുന്ന നിലപാട് അവരുടെ പാരമ്പര്യത്തിന് ചേരാത്തതാണ്. കെസിബിസിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല” മന്ത്രി പറഞ്ഞു.