LocalNEWS

തോട്ടം പുരയിടമാകും, ലാലിച്ചന് പുതിയ വീട് വയ്ക്കാം; ബാബുവിന് ഇനി ചികിത്സാനുകൂല്യങ്ങൾ മുടങ്ങില്ല, മുൻഗണന റേഷൻ കാർഡ് അനുവദിച്ചു

കോട്ടയം: തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ സ്ഥലം പുരയിടമാക്കി മാറ്റണം എന്ന് ആവശ്യവുമായാണ് ചെമ്മലമറ്റം സ്വദേശി ലാലിച്ചൻ ജോസഫ് മീനച്ചിൽ താലൂക് അദാലത്തിലെത്തിയത്. റിസർവേ നടന്നപ്പോഴാണ് ഒരേക്കർ പുരയിടം തോട്ടമെന്നു തെറ്റായി രേഖപ്പെടുത്തിയത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും പുതിയ വീടെന്ന സ്വപ്നവും ലാലിച്ചനു വെല്ലുവിളിയായി. രണ്ടു വർഷമായി പല പ്രാവശ്യം പരാതി നൽകിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് മീനച്ചിൽ താലൂക്ക് തല അദാലത്തിൽ പരാതിയുമായി ലാലിച്ചൻ എത്തിയതും മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്ത് ലാലിച്ചന് പരാതി പരിഗണിച്ച് പരിഹാരനടപടിക്ക് വഴിയൊരുക്കിയതും.

വൃക്കരോഗിയായ തിടനാട് സ്വദേശി കെ.ജി. ബാബുവിന് എപിഎൽ കാർഡിന്റെ പേരിൽ ഇനി സൗജന്യ ചികിത്സാനുകൂല്യങ്ങൾ മുടങ്ങില്ല. മീനച്ചിൽ താലൂക്കുതല അദാലത്തിൽ ബാബുവിനുള്ള മുൻഗണനാ റേഷൻ കാർഡ് സഹകരണ – രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവനിൽ നിന്നും നേരിട്ടേറ്റ് വാങ്ങി. നാലു വർഷമായി വൃക്കരോഗിയായ ബാബുവിന് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ആവശ്യമാണ്. ബാബുവിന്റെയും കുടുംബത്തിന്റെയും റേഷൻ കാർഡ് എപിഎൽ വിഭാഗത്തിലായിരുന്നതിനാൽ ചികിത്സാനുകൂല്യങ്ങൾ ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിലാണ് താലൂക്ക് തല അദാലത്തിൽ പരാതി നൽകിയതും ജീവിതഭാരം കുറയ്ക്കുന്ന നടപടി ഏറ്റുവാങ്ങിയതും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: