LocalNEWS

കോട്ടയം ജില്ലാ താലൂക്ക് അദാലത്ത്: ജില്ലയിൽ 1,098 പരാതികളിൽ തീർപ്പ്

കോട്ടയം: ജില്ലയിലെ താലൂക്ക് അദാലത്തുകളിൽ 1098 പരാതികളിൽ തീർപ്പുകൽപ്പിക്കാനായി എന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ജില്ലയിലെ താലൂക്ക് അദാലത്തുകൾക്കു സമാപനം കുറിച്ച് പാലാ ടൗൺ ഹാളിൽ നടന്ന മീനച്ചിൽതാലൂക്ക് അദാലത്ത് നടപടികൾ ഉപസംഹരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളിലും നടത്തിയ അദാലത്തുകൾ വിജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവനും ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും നേതൃത്വം കൊടുത്ത കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചിൽ താലൂക്ക് അദാലത്തുകളിലായി 2150 പരാതികളാണ് പരിഗണിച്ചത്. അഞ്ചു താലൂക്കുകളിലുമായി അദാലത്ത് നടന്ന ദിവസങ്ങളിൽ 405 പുതിയ പരാതികളും ലഭിച്ചു. തീർപ്പുകൽപ്പിക്കാനുള്ളവയിൽ പത്തുദിവത്തിനകം തീരുമാനമുണ്ടാകും. മന്ത്രിമാരെ നേരിട്ടു കണ്ടു പരാതി ബോധിപ്പിക്കേണ്ട അപേക്ഷകളിൽ അതിനുള്ള സൗകര്യവുമൊരുക്കും.

Signature-ad

മീനച്ചിൽ താലൂക്ക് അദാലത്തിൽ 371 അപേക്ഷകളാണു പരിഗണിച്ചത്. ഇതിൽ 162 എണ്ണത്തിൽ തീർപ്പായി. 88 പുതിയ പരാതികളും സ്വീകരിച്ചിട്ടുണ്ട്. മുൻഗണനാ റേഷൻ കാർഡ് അനുവദിക്കൽ, ക്ഷേമപെൻഷനുകൾ തടസപ്പെടുന്നത്, വഴിത്തർക്കം, ഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റൽ, കുടിവെള്ളപ്രശ്‌നം, വഴി നന്നാക്കൽ, നടവഴി അനുവദിക്കൽ, സ്‌കോളർഷിപ്പ് വൈകൽ, സാങ്കേതികപ്രശ്നത്തിന്റെ പേരിൽ തടഞ്ഞുവച്ച പ്രളയധനസഹായം, സ്വത്ത് തർക്കം, പുരയിടത്തിലെ വെള്ളക്കെട്ട് പരിഹരിക്കൽ, റവന്യൂ റീസർവേ, ഭൂമി പോക്കുവരവ് ചെയ്യൽ, ഓടകളുടെ പുനസ്ഥാപനം, കെട്ടിട നമ്പർ എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തിൽ മന്ത്രിമാർക്ക് മുന്നിലെത്തിയത്. രാവിലെ പത്തുമണി മുതൽ നാലുമണി വരെയായിരുന്നു അദാലത്തുകൾ നടന്നത്.

അഞ്ചുതാലൂക്കുകളിലും ഇടവേളകൾ പോലുമില്ലാതെയായിരുന്നു മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും ജനങ്ങളുടെ പരാതികൾ കേട്ടതും പരിഹാരങ്ങൾ നിർദേശിച്ചതും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നേതൃത്വം നൽകിയ ജില്ലാ മേധാവികൾ അടക്കമുള്ള ഉദ്യോഗസ്ഥരും പൂർണസമയവും അദാലത്തുകളിൽ സന്നിഹിതരായിരുന്നു.

Back to top button
error: