തൃശൂർ : വീട്ടുനമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. വീട്ടുനമ്പർ അനുവദിച്ച് നൽകുന്നതിനായി സൗബർ സാദിഖിന്റെ അപേക്ഷ പരിഗണിക്കാനാണ് ബാലകൃഷ്ണൻ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
സൗബർ വിജിലൻസ് മുമ്പാകെ പരാതി നൽകി. വിജിലൻസിൻറെ നിർദ്ദേശാനുസരണം പഞ്ചായത്തിൽ എത്തിയ പരാതിക്കാരനിൽ നിന്ന് 2000 രൂപാ സെക്രട്ടറി വാങ്ങി. റിട്ടയർമെന്റിന് നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് കൈക്കൂലി കേസിൽ പിടിക്കപ്പെടുന്നത്. തൃശൂർ വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ജി അനിലാണ് കേസിൽ വിധി പറഞ്ഞത്. വിജിലൻസിന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ സ്റ്റാലിൻ ഇ ആർ ഹാജരായി.