കണ്ണൂർ: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. നെല്ലിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ഏപ്രിൽ 14 നാണ് ആൽബർട്ട് കൊല്ലപ്പെട്ടത്. 35 ദിവസത്തോളം സുഡാനിലെ വിവിധ ആശുപത്രികളിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെയാണ് വ്യോമസേന വിമാനത്തിൽ സുഡാനിൽ നിന്ന് ദില്ലിയിലെത്തിച്ചത്. തുടർന്ന് രാത്രിയോടെ കരിപ്പൂരിലെത്തിച്ചു. പുലർച്ചെയാണ് ആലക്കോട്ടെ വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം പത്ത് മണിയോടെയാണ് മൃതദേഹം വിലാപയാത്രയായി നെല്ലിപ്പാറ ഹോളിഫാമിലി പള്ളിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് പത്തരയോടെ മൃതദേഹം സംസ്കരിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് സുഡാനില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന ആല്‍ബര്‍ട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഖര്‍ത്തൂമിലെ ഫ്ലാറ്റില്‍ മകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് വെടിയേറ്റത്. അവധി ആഘോഷിക്കാൻ സുഡാനിലെത്തിയ ഭാര്യ സൈബല്ലയും മകളും നോക്കി നിൽക്കെയായിരുന്നു മരണം. മൂന്ന് ദിവസം മൃതദേഹം വെടിയേറ്റ മുറിയിൽ നിന്ന് മാറ്റാൻ പോലും കഴിഞ്ഞിരുന്നില്ല. തുടർന്ന് എംബസി ഇടപെട്ടാണ് ബോഡി ഖർത്തൂമിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊല്ലപ്പെട്ട ആൽബർട്ടിന്‍റെ ഭാര്യയും മകളും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി കഴിഞ്ഞ 27 ന് നാട്ടിലെത്തിയിരുന്നു.