KeralaNEWS

വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരും; മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതിവരും: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വലിയ അഴിമതിക്കഥകള്‍ വൈകാതെ പുറത്തുവരുമെന്ന് സതീശന്‍ പറഞ്ഞു. ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. ധൂര്‍ത്തുകൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രണ്ടാം വാര്‍ഷികത്തില്‍ പാസ് മാര്‍ക്ക് പോലും നല്‍കില്ലെന്നും പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു.

ദയനീയമായ പരാജയമാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. രൂക്ഷമായി വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യപ്പെട്ടത്. എന്നിട്ടും സര്‍ക്കാര്‍ ജനങ്ങളുടെ തലയില്‍ ആയിരക്കണത്തിന് കോടി രൂപയുടെ നികുതി ഭാരം കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പേടി കൊണ്ടാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിനൊരുങ്ങികയാണ് യുഡിഎഫ്. രാവിലെ ഏഴ് മണിയോടെ പ്രതിഷേധ സമരം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ആദ്യം പ്രധാന ഗേറ്റുകള്‍ ഉപരോധിക്കുന്നത്. പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും. നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്‍റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും.

Back to top button
error: