തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനെതിരെ പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാന്‍ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ എംഎല്‍എ കുഴഞ്ഞു വീണു. മൈക്കിനു മുന്നില്‍ നില്‍ക്കവേയാണ് ദേഹാസ്വാസ്ഥ്യമുണ്ടായി മുനീര്‍ കുഴഞ്ഞുവീണത്. മുനീറിനൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി. തുടര്‍ന്ന് അദ്ദേഹം വേദി വിട്ടു.
സി.പി.ജോണ്‍ പ്രസംഗിച്ചതിനു പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അതിനാല്‍ കസേരയില്‍ ഇരുത്തുകയായിരുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ദുര്‍ഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നില്‍ സമരം ചെയ്യുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്ഷനിലെ ഫ്ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.