കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി താമസ കേന്ദ്രങ്ങളില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ റെയ്ഡുകള്‍ വ്യാപകമാക്കി. നിയമലംഘകരെ കണ്ടെത്തി തൊഴില്‍ വിപണിയെ ശുദ്ധീകരിക്കുകയും പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധനാ കാമ്പെയ്‌നുകള്‍ ആരംഭിച്ചത്.
മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ റെയിഡില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അറുനൂറോളം പേരാണ് വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി, റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെയും നിരവധി മേഖലകളിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് ആഭ്യന്തര മന്ത്രാലയം ഫീല്‍ഡ് കാമ്പെയ്‌നുകള്‍ നടത്തിയത്.
പ്രവാസി കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റുമായി സേവനം ചെയ്യുന്ന വ്യാജ ആരോഗ്യ പ്രവര്‍ത്തകകരെയാണ് പിടികൂടിയത്. ഇവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളോ ലൈസന്‍സുകളോ ഇല്ലാതെയാണ് ഇവിടങ്ങളില്‍ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇങ്ങനെ നിയമ വിരുദ്ധമായി മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയതിന് പിടിയിലായവരില്‍ ഗാര്‍ഹിക തൊഴിലാളികളും ഉള്‍പ്പെടുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ ആറുപേര്‍ രോഗികളെ ചികിത്സിക്കുന്നവരാണെന്ന് പരിശോധനാ സമിതി പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന 15 വ്യാജ റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും പരിശോധനയില്‍ കണ്ടെത്തി. വിവിധ ഇടങ്ങളിലെ താമസ, വ്യാപാര കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായവരില്‍ 90 ഓളം തൊഴിലാളികള്‍ താമസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണ്. കൂടാതെ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടി വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ദിവസ വേതനത്തിന് ജോലി ചെയ്തു വരുന്ന തൊഴിലാളികളും റെയ്ഡ് വേളയില്‍ പിടിയിലായി. പിടിയിലായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും അതിനു ശേഷം അവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനുള്ള നടപടികള്‍ക്കുമായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ കൈമാറിയിരിക്കുകയാണ് പോലീസ്.