CrimeNEWS

വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ നായ്ക്കളെ തുറന്നുവിട്ടു; പ്രതിയെ സാഹസികമായി കീഴടക്കി

ആലപ്പുഴ: കലവൂരില്‍ വീട്ടില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തടയാന്‍ 4 വിദേശ ഇനം നായ്ക്കളെ തുറന്നു വിട്ട വധശ്രമക്കേസിലെ പ്രതിയെ പിടികൂടി. ആര്യാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാത്തികാട്ട് വീട്ടില്‍ ബിനുവിനെയാണ് (28) ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് ആലപ്പുഴ എകെജി ജംക്ഷന് സമീപം ആര്യാട് പഞ്ചായത്ത് 10ാം വാര്‍ഡ് പൊക്കലയില്‍ വീട്ടില്‍ അപ്പുവിനെ വെട്ടിപ്പരുക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്.

കളര്‍കോടിന് സമീപത്തെ ബാറില്‍ മുന്‍പുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പരാതിക്കാരനൊപ്പം പോലീസ് സ്റ്റേഷനില്‍ ചെന്നതിന്റെ വൈരാഗ്യത്തിലാണ് അപ്പുവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി രാത്രി വീട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയപ്പോഴാണ് നായ്ക്കളെ തുറന്നുവിട്ടത്. എന്നാല്‍, പോലീസ് ഇവയെ ഓടിച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നു. പത്തോളം ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ക്ക് എതിരെ കാപ്പ ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

Back to top button
error: