എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന ജലത്തിന്റെ മാസ്മരികതയിൽ എന്തിനെയും തച്ചുതകർക്കാനുളള കരുത്ത് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി.തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്.
80 അടി ഉയരത്തിൽ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദർശകരെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്നു കാണാനാവുമെന്നതും പ്രത്യേകതയാണ്.
ഷോളയാർ വനമേഖലയുടെ കവാടമായ അതിരപ്പിള്ളിയിൽനിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. ഹരിതസമൃദ്ധിയാൽ അനുഗ്രഹീതമാണ് ചുറ്റുവട്ടം.വംശനാശം നേരിടുന്ന നാല് തരം വേഴാമ്പലുകൾ വാഴച്ചാൽ വനങ്ങളിലെ അന്തേവാസികളാണ്.പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.
പെരിങ്ങൽക്കുത്ത് അണക്കെട്ട്, , ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി തടയണ – ഇതിന്റെ പരിസരത്തുള്ള ചിത്രശലഭങ്ങളുടെ ഉദ്യാനം, ഏഴാറ്റുമുഖം_പ്രകൃതിഗ്രാമം, ഡ്രീം വേൾഡ് അക്വാ തീം പാർക്ക്, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് എന്നിവയാണ് ഇവിടെ അടുത്തുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ.