CrimeNEWS

പങ്കാളിയെ കൈമാറ്റം ചെയ്ത കേസ്; പരാതിക്കാരി വെട്ടേറ്റു മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

കോട്ടയം: കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍. മണര്‍കാട് മാലത്തെ വീട്ടിലാണ് 26 വയസുകാരിയായ യുവതിയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ വീട്ടില്‍ കഴിയവെയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പോലീസിനു മൊഴി നല്‍കി.

അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. പരാതിക്കാരിയുടെ മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തു പോയിരിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയില്‍ അമ്മയെ കണ്ടത്. തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടില്‍ വിവരമറിയിച്ച് ഇവര്‍ വാര്‍ഡ് മെമ്പറെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കഴിഞ്ഞവര്‍ഷം ജനുവരിയില്‍ കറുകച്ചാലില്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. പത്തനാട് സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നാല് പേര്‍ക്കൊപ്പം പോകണമെന്നു നിര്‍ബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ ആയിരക്കണക്കിന് ദമ്പതിമാര്‍ അടക്കം 5000 അംഗങ്ങള്‍ വരെയുണ്ടെന്നും പോലീസ് പറയുന്നു. യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കറുകച്ചാല്‍ പോലീസ് പല ടീമുകളായി തിരിഞ്ഞു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ ആലപ്പുഴ തുമ്പോളി കടപ്പുറം, പുന്നപ്ര, എറണാകുളം കലൂര്‍, കോട്ടയം കൂരോപ്പട, അയ്മനം എന്നീ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും കണ്ടെത്തി. സമൂഹത്തില്‍ ഉന്നത ജീവിത നിലവാരം പുലര്‍ത്തുന്നവരടക്കം ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: