IndiaNEWS

കർണാടക സത്യപ്രതിജ്ഞാ ചടങ്ങ്: പിണറായി ഒഴികെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാൽ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റ് കോൺഗ്രസ്‌ മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗ ശേഷം നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാജ്ഭവനിലേക്ക് പോയി സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിക്കും. അരവിന്ദ് കെജ്രിവാളിനും പിണറായി വിജയനും ഇതുവരെ ക്ഷണമില്ല. അതേസമയം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ നേതാവ് ഡി രാജയെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചു.

സിദ്ധരാമയ്യയെ കർണ്ണാടക മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം ഇന്നാണ് പ്രഖ്യാപിച്ചത്. ഡികെ ശിവകുമാർ സംസ്ഥാനത്തെ ഏക ഉപമുഖ്യമന്ത്രിയാകും. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ഡികെ ശിവകുമാർ പിസിസി പ്രസിഡന്റായി തുടരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. അങ്ങനെ നാല് ദിവസം നീണ്ടു നിന്ന അനിശ്ചിതത്വത്തിനും മാരത്തൺ ചർച്ചകൾക്കും വിരാമമായി. മറ്റന്നാളാണ് സത്യപ്രതിജ്ഞ. രണ്ടരവർഷം വീതമുള്ള ടേം വ്യവസ്ഥയാണ് നിലവിലുള്ളത്.

ഉപമുഖ്യമന്ത്രിപദത്തിന് പുറമെ ആഭ്യന്തരം, ഊർജ്ജം, ജലശക്തിയടക്കം നിർണ്ണായക വകുപ്പുകളും ഡികെ ശിവകുമാറിന് നൽകും എന്നാണ് വിവരം. എന്നാൽ ടേം വ്യവസ്ഥ അടക്കമുള്ള കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം പരസ്യപ്പെടുത്തിയിട്ടില്ല. ദില്ലി കേന്ദ്രീകരിച്ച് നടന്ന നാടകീയത തീർന്ന് വീണ്ടും കർണാടകത്തിലേക്ക് തന്നെ രാഷ്ട്രീയ ചർച്ചകൾ കേന്ദ്രീകരിക്കുകയാണ്.

Back to top button
error: