LocalNEWS

വൈക്കം സത്യഗ്രഹം ശതാബ്ദി ചരിത്രം വിളിച്ചോതി എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രവേശന കവാടം

കോട്ടയം: വൈക്കം സത്യഗ്രഹം ശതാബ്ദി ചരിത്രം വിളിച്ചോതി എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രവേശന കവാടം. സത്യഗ്രഹത്തിന്റെ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും കാഴ്ചക്കാരെ നയിക്കുന്ന രീതിയിലാണ് കവാടം തയാറാക്കിയിരിക്കുന്നത്. 23 അടി നീളത്തിലും 90 അടി വീതിയിലും തയ്യാറാക്കിയ കവാടത്തിൽ സത്യഗ്രഹത്തിന്റെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്തിട്ടുണ്ട്. വൈക്കം സത്യഗ്രഹം സ്മാരക പ്രതിമ, ഗാന്ധിജി വൈക്കം ബോട്ട് ജെട്ടിയിൽ വന്നിറങ്ങുന്ന ദൃശ്യം, സത്യാഗ്രഹസേനാനികളുടെ ചിത്രങ്ങൾ, പ്രതിമകൾ, മഹാറാണി സേതുലക്ഷ്മി മുൻപാകെയുള്ള മെമ്മോറാണ്ടം സമർപ്പണ ദൃശ്യം എന്നിവ പ്രധാന കവാടത്തിന് ഇരുവശത്തുമായി ചിത്രീകരിച്ചിരിക്കുന്നു.

വൈക്കം സത്യഗ്രഹം നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സത്യഗ്രഹ ചരിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഒറ്റ കാഴ്ച്ചയിൽ ദൃശ്യമാകും വിധമാണ് കവാടം ഒരുക്കിയിരിക്കുന്നത്. കവാടത്തിന്റെ വലതു ഭാഗത്തു സത്യഗ്രഹത്തിനു തുടക്കം കുറിച്ച സമര സേനാനികളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദ പണിക്കർ എന്നിവർ തീണ്ടാപലക കൈകളിൽ ഉയർത്തി എറിയുന്ന പ്രതിമകളുണ്ട്. ഗാന്ധിജി വേമ്പനാട്ട് കായൽ കടന്നു വൈക്കം ബോട്ട് ജെട്ടിയിൽ വന്നിറങ്ങുന്ന ദൃശ്യവും കുഞ്ഞാപ്പി, ബഹുലേയൻ, ഗോവിന്ദ പണിക്കർ, ആമചാടി തേവർ, രാമൻ ഇളയത്ത് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

Signature-ad

ഗാന്ധിജി, ശ്രീനാരായണഗുരു, സി. രാജഗോപാലാചാരി, മഹാകവി കുമാരാനാശാൻ, കെ.പി. കേശവമേനോൻ, കെ. കേളപ്പൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, ടി.ആർ. കൃഷ്ണസ്വാമി അയ്യർ തുടങ്ങി 40 സത്യാഗ്രഹികളെ ഛായചിത്രങ്ങളിലൂടെ അടുത്തറിയാം. ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം മഹാറാണി സേതുലക്ഷ്മി ഭായി 25,000 സവർണർ ഒപ്പിട്ട മെമ്മോറാണ്ടം സമർപ്പിക്കുന്ന ദൃശ്യവും ഒരുക്കിയിട്ടുണ്ട്. ആർട്ടിസ്റ്റ് ഹൈലേഷിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം കലാകാരന്മാരാണ് കവാടം നിർമിച്ചത്. മേളയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ പ്രധാന കവാടം വൈക്കം സത്യാഗ്രഹ സ്മരണ പുതുക്കുന്നതിനോടൊപ്പം പ്രധാന സെൽഫി പോയിന്റായും മാറി.

Back to top button
error: