LocalNEWS

എന്റെ കേരളം പ്രദർശനവിപണന മേളയ്ക്ക് കോട്ടയത്ത് തുടക്കം; പ്രോഗസ് റിപ്പോർട്ട് എല്ലാവർഷവും വീട്ടിലെത്തിക്കുന്ന ഏക സംസ്ഥാനമാണ് കേരളം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സർക്കാരിന്റെ പ്രകടനത്തിന്റെ പ്രോഗസ് റിപ്പോർട്ട് വർഷാവർഷം ജനങ്ങൾക്കു വീട്ടിലെത്തിച്ചു കൊടുക്കുന്ന മറ്റൊരു സർക്കാർ ഇന്ത്യയിൽ ഇല്ലെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. മേയ് 20ന് സംസ്ഥാനത്തിന്റെ വാർഷിക പ്രോഗസ് റിപ്പോർട്ട് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പുകാർക്കു ക്ഷേമനിധി ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യസംസ്ഥാനമാണു കേരളത്തിലേത്. നിതി അയോഗ് മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാക്കണമെന്നു പറഞ്ഞ ഏഴു കാര്യങ്ങളിൽ കേരളമാണ് മുന്നിൽ. ക്ഷേമവികസനരംഗങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഒന്നും രണ്ടും പിണറായി സർക്കാർ നടപ്പാക്കിയത്.

കോട്ടയം ജില്ലയും വികസനത്തിൽ മുന്നിലാണ്. എല്ലാ റോഡുകളും ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർന്നു. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനത്തെ ആദ്യജില്ലയായി മാറാനും കോട്ടയത്തിനു കഴിഞ്ഞു. കാർഷിക, വ്യവസായിക, ആരോഗ്യസംരക്ഷ രംഗത്തു ജില്ലയിൽ വൻ മുന്നേറ്റമാണ് ഉണ്ടാകുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ആയിരം കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. ജില്ലാ ജനറൽ ആശുപത്രി മെഡിക്കൽ കോളജിനു സമാനമായ ചികിത്സയൊരുക്കാൻ പ്രാപ്തരാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമാണ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ കാണാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

എംപ്ലോയ്മെന്റ് കെസ്റു സ്വയംതൊഴിൽ പദ്ധതിയുടെ വായ്പ സബ്സിഡി വിതരണം, കേരള സഹകരണ സമാശ്വാസ ഫണ്ട് വിതരണം, മത്സ്യകർഷകർക്കുള്ള സബ്സിഡി വിതരണം, ഭാഗ്യക്കുറി ക്ഷേമനിധി സ്‌കോളർഷിപ്പ് വിതരണം എന്നിവയും ചടങ്ങിൽ നിർവഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.

എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, നഗരസഭാംഗം സിൻസി പാറയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരിഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ഹൈമി ബോബി, ഹേമലതാ പ്രേംസാഗർ, ഐ.പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി. റസൽ, ബെന്നി മൈലാഡൂർ, രാജീവ് നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടന്നു. ഉദ്ഘാടനശേഷം വൈകിട്ട് 6.30ന് പ്രശസ്ത പിന്നണി ഗായകരായ ദുർഗ വിശ്വനാഥും വിപിൻ സേവ്യറും നയിച്ച ഗാനമേള അരങ്ങേറി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: