ബംഗളൂരു:കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമായി.കര്‍ണാടകയിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റേക്കും.
മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയും പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്. മുഖ്യമന്ത്രി ആരാകണമെന്നതില്‍ എം എല്‍ എമാരുടെ അഭിപ്രായമാരാഞ്ഞ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.
കര്‍ണാടകയിലെ നിരീക്ഷകര്‍ ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് എ ഐ സി സി അധ്യക്ഷന് നാളെ സമര്‍പ്പിക്കും. ശേഷം മല്ലികാര്‍ജുന്‍ ഖര്‍ഗ്ഗെ, സോണിയയെയും രാഹുലിനെയും കണ്ട് ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ കര്‍ണാടക നേതാക്കളെ ദില്ലിക്ക് വിളിപ്പിക്കും. രണ്ട് ദിവസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച പ്രഖ്യാപനം നടത്താനാണ് തീരുമാനം.
അതേസമയം ബെംഗളുരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നടക്കുന്ന ഹോട്ടലിനു മുന്നില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.സിദ്ധരാമയ്യക്കും ഡികെയ്ക്കുമായി ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ച അണികള്‍ തമ്മിൽ പലതവണ ഏറ്റുമുട്ടിയതായാണ് വിവരം.ഇവരെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ തന്നെ ഇടപെടേണ്ടി വന്നു.സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.