തിരുവനന്തപുരം: ഫണ്ടു പിരിവിനെത്തിയ സി.പി.ഐ പ്രവര്‍ത്തകര്‍ വ്യാപാരിയെ മര്‍ദിച്ചതായി പരാതി. സി പി ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസിന്റെ നവീകരണ ഫണ്ട് പിരിക്കാനെത്തിയവര്‍ ചോദിച്ച തുക നല്‍കാത്തതിനാല്‍ മര്‍ദിച്ചെന്നാണ് ആരോപണം. പോത്തന്‍കോട് ജംഗ്ഷനില്‍ മാരി ലക്ഷ്മി സ്വീറ്റ്സ് എന്നകട നടത്തുന്ന മാരിയപ്പന്‍ (60) ന് മര്‍ദനമേറ്റെന്നാണ് പരാതി.
കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയോടെ എം എന്‍ സ്മാരക നവീകരണ ഫണ്ടു പിരിക്കാനെത്തിയ സി.പി.ഐ മേഖലാ ജനറല്‍ സെക്രട്ടറി ഷുക്കൂറാണ് ഇരു ചെകിട്ടത്തും അടിച്ചതെന്ന് മാരിയപ്പന്‍ പറയുന്നു. ഇവരാശ്യപ്പെട്ട തുക നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞതിനാണ് തന്നെ മര്‍ദിച്ചത്. കടയിലെ സാധനങ്ങളും തട്ടിത്തെറിപ്പിച്ചു. 50 രൂപയേ തരാന്‍ നിവൃത്തിയുള്ളൂ എന്ന് പറഞ്ഞ മാരിയപ്പനോട് ഇയാള്‍ തട്ടിക്കയറുകയും ചെകിട്ടത്തടിക്കുകയുമായിരുന്നു.
”നീ തമിഴ് നാട്ടില്‍ നിന്ന് വന്നതല്ലേ ? ഇവിടെ നീ ജീവിക്കുന്നത് ഞങ്ങള്‍ക്ക് കാണണം” എന്നു പറഞ്ഞ് രൂക്ഷമായി തെറി വിളിക്കുകയും ചെയ്തുവെന്നും മാരിയപ്പന്‍ പറയുന്നു. മര്‍ദ്ദനമേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് ഇന്നലെ പോലീസില്‍ പരാതി നല്‍കി. പോത്തന്‍കോട് പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു.
അമ്പതു വര്‍ഷമായി മാരിയപ്പനും കുടുംബവും പോത്തന്‍കോട് കട നടത്തിവരികയാണ്. ഇത്തരത്തില്‍ ഒരു ആക്രമണം ആദ്യത്തേതാണെന്ന് അദ്ദേഹം പറയുന്നു.