ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായി കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിനെ നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ഈ മാസം കാലാവധി അവസാനിക്കുന്ന നിലവിലെ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ പിന്‍ഗാമിയായിട്ടാണ് പ്രവീണ്‍ സൂദിന്റെ നിയമനം.
ഈ മാസം 25 ന് ജയ്സ്വാള്‍ വിരമിക്കും. ഇതിനുശേഷം പ്രവീണ്‍ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേല്‍ക്കും. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. 2018 ലാണ് പ്രവീണ്‍ സൂദിനെ കര്‍ണാടക പോലീസ് മേധാവിയായി നിയമിക്കുന്നത്.
2024 മേയില്‍ വിരമിക്കാനിരിക്കെയാണ് പ്രവീണ്‍ സൂദിനെത്തേടി പുതിയ ചുമതലയെത്തിയിരിക്കുന്നത്. പ്രവീണ്‍ സൂദ് അടക്കം മൂന്നുപേരുകളാണ് പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്.
രണ്ടു വര്‍ഷമാണ് സിബിഐ മേധാവിയുടെ കുറഞ്ഞ കാലാവധി. അഞ്ചു വര്‍ഷം വരെ നീട്ടികൊടുക്കുന്നതിനു വ്യവസ്ഥയുണ്ട്.
പ്രവീണ്‍ സൂദിനു പുറമെ, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്സേന, ഡല്‍ഹി കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന് താജ് ഹസന് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചത്.
അതേസമയം, പ്രവീണ്‍ സൂദിനെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
ബസവരാജ് ബൊമ്മെ സര്‍ക്കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നതായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ആരോപിച്ച ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുടുക്കുന്ന സൂദിനെതിരെ കേസെടുക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.