LocalNEWS

കോരങ്കടവ് പാലം പൂർത്തിയായി

കൊച്ചി: പിറവം – കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോരങ്കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായി.മെയ് ഇരുപതാം തീയതി ഉച്ചക്ക് 12.30 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം  പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
 മുടങ്ങി പോകുമെന്ന് കരുതിയിരുന്ന പാലത്തിന്റെ പദ്ധതിയാണ് ഇപ്പോൾ യഥാർത്ഥ്യമാകുന്നത്.2009-ല്‍ ഭരണാനുമതി ലഭ്യമായ പാലം അപ്രോച്ച് റോഡിന് ഭൂമി ലഭ്യമാക്കാത്തത് കാരണമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കാലതാമസം നേരിട്ടത്.തുടര്‍ച്ചയായുള്ള സാങ്കേതിക – നിയമ തടസ്സങ്ങള്‍ മൂലം തടസ്സപ്പെട്ടിരുന്ന പദ്ധതിയ്ക്ക് പിന്നീട് പുതുജീവന്‍ പകര്‍ന്നത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തായിരുന്നു.അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരൻ മുൻകൈയെടുത്ത് പാലത്തിന്റെ നിര്‍മ്മാണത്തിനായി 14.30 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്കി. പ്രസ്തുത നടപടികളുടെ തുടര്‍ച്ചയായിട്ടാണ് പാലം നിര്‍മ്മാണത്തിന്റെ  സാങ്കേതികാനുമതി  ലഭ്യമായതും  ടെണ്ടര്‍ നടപടികള്‍ക്ക് ശേഷം പാലത്തിന്റെ നിര്‍മ്മാണം ഇപ്പോൾ പൂര്‍ത്തിയായതും.ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസ് ഇടപെട്ട് അപ്രോച്ച് റോഡ്‌ പൂര്‍ത്തീകരണത്തിന്  അധിക തുക അനുവദിപ്പിച്ചിട്ടുണ്ട്.
134 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കിന്നത്. പാലത്തിന്റെ ഇരു വശങ്ങളിലും നടപ്പാതയും ഉണ്ട്. കോരങ്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഈ മേഖലയിൽ യാത്രാ സൗകര്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതോടെ പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ പ്രദേശങ്ങളിൽ വലിയ വികസനങ്ങളാകും സാധ്യമാകുന്നത്.

Back to top button
error: