തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന ധനവകുപ്പ് 30 കോടി രൂപ കൂടി അനുവദിച്ചു. ഈ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. ശമ്പളം നൽകാൻ 50 കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ കോർപറേഷൻ തൊഴിലാളികൾ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത്. കെഎസ്ആർടിസിയിൽ ഗഡുക്കളായുള്ള ശമ്പള വിതരണം ആറ് മാസം കൂടി തുടരുമെന്നാണ് മാനേജ്മെൻറ് വ്യക്തമാക്കിയിരിക്കുന്നത്.
ഗതാഗത മന്ത്രി ആൻറണി രാജുവും തൊഴിലാളി യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ മാനേജ്മെന്റ് നിലപാട് അറിയിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിലെ രണ്ടാം ഗഡു ശമ്പളം നൽകാൻ ധനവകുപ്പ് കനിയണമെന്ന് ഗതാഗതമന്ത്രി യൂണിയൻ നേതാക്കളെ അറിയിച്ചിരുന്നു. 50 കോടിയാണ് സർക്കാരിനോട് കെഎസ്ആർടിസി ആവശ്യപ്പെട്ടത്. ധനവകുപ്പ് കനിഞ്ഞ് അനുവദിച്ചതാണ് 30 കോടി രൂപ. ശമ്പളം മൊത്തമായി ഒറ്റ ഗഡുവായി നൽകണമെന്ന നിലപാടിലാണ് തൊഴിലാളികൾ. ഇതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി ചീഫ് ഓഫീസിനു മുന്നിൽ സമരം തുടരുമെന്ന് സിഐടിയുവും ഐഎൻടിയുസിയും അറിയിച്ചിരിക്കുകയാണ്.