കൊല്ലം: ഡോ. വന്ദന ദാസ് കുത്തേറ്റുമരിച്ച കേസിന്റെ അന്വേഷണം കൊട്ടാരക്കര പോലീസില്‍നിന്നു മാറ്റി ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനു പിന്നാലെയാണിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.എം.ജോസിനാണു ചുമതല. പ്രതി ജി.സന്ദീപിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അടുത്തദിവസം കോടതിയെ സമീപിക്കും.
കൊലപാതകം, വധശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേല്‍പിക്കല്‍, ആയുധം കൊണ്ടുള്ള ആക്രമണം, അന്യായ തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ക്കു പുറമേ പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം, ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ അതിക്രമം തടയല്‍ നിയമം എന്നിവയിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അക്രമിക്കു മുന്നില്‍ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരെ നിര്‍ത്തിയശേഷം പോലീസ് മാറിനിന്നെന്ന് എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സന്ദീപ് അപ്രതീക്ഷിതമായി അക്രമാസക്തനായപ്പോള്‍ കീഴ്‌പ്പെടുത്താന്‍ പോലീസ് സംഘം ഒരുമിച്ചു ശ്രമിച്ചില്ല. തോക്കോ ലാത്തിയോ ഉണ്ടായിരുന്നുവെങ്കില്‍ ഇടപെടല്‍ ഫലപ്രദമാകുമായിരുന്നു. രാത്രി പട്രോളിങ്ങില്‍ സ്വയരക്ഷ കൂടി കണക്കിലെടുത്തു തോക്കും ലാത്തിയും കരുതണമെന്ന ഡിജിപിയുടെ ഉത്തരവു പാലിച്ചില്ലെന്നു വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഡിജിപി അനില്‍കാന്തിനു കൈമാറിയെന്നാണു വിവരം.
സംഭവം സംബന്ധിച്ച് റൂറല്‍ എസ്പി: എം.എല്‍.സുനില്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിക്കു പുറമേ ഐജി: ജി.സ്പര്‍ജന്‍കുമാര്‍, ഡിഐജി: ആര്‍.നിശാന്തിനി തുടങ്ങിയവരടങ്ങിയ സംഘം ബുധനാഴ്ച രാത്രി കൊട്ടാരക്കരയിലെത്തി യോഗം ചേര്‍ന്നത്.