KeralaNEWS

സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുന: പരിശോധിക്കണം; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

വിളക്കേന്തിയ വനിത-എന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ലോകമെങ്ങും ആചരിക്കുന്നത്.ആതുരസേവന രംഗത്ത് ഇന്ന് ലോകമെങ്ങും മലയാളി വനിതകളുടെ സാന്നിധ്യമുണ്ട്.അതിനാൽതന്നെ അന്താരാഷ്ട്ര നഴ്സസ് ദിനം കേരളത്തിന്റെ ആതുരശുശ്രൂഷാ മികവിന്റെ അംഗീകരിക്കൽ ദിനം കൂടിയാണ്.എന്നാൽ പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ഷിഫ്റ്റ് ഡ്യൂട്ടിക്ക് ശേഷവും ഇവരിൽ പലർക്കും ഇന്നും ലഭിക്കുന്നത് തുച്ഛമായ വേതനമാണെന്നത് ഒരു കോട്ടമായി തന്നെ അവശേഷിക്കുന്നു.
 സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് 2018ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുതുക്കി നിശ്ചയിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത് ഈ‌ വർഷം ജനുവരി 23-നായിരുന്നു.2018 ലെ ഉത്തരവ് പ്രകാരം 50 കിടക്കകളുള്ള സ്വാകാര്യ ആശുപത്രിയിൽ മിനിമം വേതനം 20,000 രൂപയായിരിന്നു.100 കിടക്കകള്‍ വരെയുള്ള ആശുപതികളില്‍ 24,400 രൂപയും 200 കിടക്കവരെയുള്ള ആശുപതികളില്‍ 29,200 രൂപയും 200 ന് മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍ 32,400 രൂപയുമായിരുന്നു മിനിമം വേതനമായി നിശ്ചയിച്ചിരുന്നത്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനമടക്കമുള്ള ആനുകൂല്യങ്ങൾ നിശ്ചയിച്ച് സർക്കാർ 2018 ഏപ്രിൽ 23ന് പുറത്തിറക്കിയ ഈ‌ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്.നഴ്‌സുമാരുടെ സംഘടനകളുടെയും സ്വകാര്യ ആശുപത്രികളുടെയും വാദങ്ങൾ കേട്ട് മൂന്നു മാസത്തിനകം സർക്കാർ പുതിയ വിജ്ഞാപനം ഇറക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.പ്രതിദിനം 1500 രൂപയെങ്കിലും ശമ്പളം വേണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

അതേപോലെ മറ്റൊന്നാണ് നഴ്സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍. ഏറെ വേദനാജനകമാണ് ഇത്.കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു.ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം.സമൂഹം ജാഗ്രതയോടെ ഇടപെട്ടാല്‍ മാത്രമേ ഈ ആക്രമണപ്രവണത അവസാനിപ്പിക്കാനാകൂ.മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി അക്ഷീണം പ്രവര്‍ത്തിക്കുന്നവരുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യം ഇനിയുണ്ടാകരുത്.

 അന്യരുടെ ജീവന് കാവലാളാകുന്നതിനിടയില്‍ സ്വന്തം ജീവന്‍ ഹോമിക്കേണ്ടി വന്ന എത്രയെത്ര നഴ്സുമാര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ടെന്നത് ഓർക്കണം.നിപ രോഗികളെ പരിചരിക്കുന്നതിനിടയില്‍ സ്വന്തം ജീവന്‍ ഹോമിക്കേണ്ടി വന്ന കോഴിക്കോട്ടുകാരിയായ സിസ്റ്റര്‍ ലിനി.

Signature-ad

2011-ല്‍ കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച അവിടുത്തെ തന്നെ നഴ്സുമാരായിരുന്ന കോട്ടയം ഉഴവൂര്‍ സ്വദേശിനി രമ്യ, കോട്ടയം കോതനല്ലൂര്‍ സ്വദേശിനി വിനീത..

തങ്ങളുടെ വാര്‍ഡില്‍ അഡ്മിറ്റായിരുന്ന ആ ഒമ്ബതു രോഗികളെയും ആളിപ്പടരുന്ന അഗ്നിനാളങ്ങള്‍ക്കിടയില്‍ നിന്ന് സുരക്ഷിതമായി ഷിഫ്റ്റ് ചെയ്തതിനുശേഷമാണ് ഇരുവരും മരണത്തിന് കീഴടങ്ങുന്നതെന്ന് ഓര്‍ക്കണം.അങ്ങനെയെത്രയെത്ര പേർ !

 

രാപകൽ ഭേദമില്ലാതെയും സമയക്രമം തെറ്റാതെയും മരുന്നും ശുശ്രൂഷയും നൽകി,കൃത്യനിർവഹണവ്യഗ്രതയാൽ പലപ്പോഴും ഉണ്ണാതെയും ഉറങ്ങാതെയും രോഗികൾക്ക് കാവലിരിക്കുന്ന നഴ്സുമാരോടുള്ള ഐക്യദാർഢ്യം  പ്രകടിപ്പിക്കുന്നതിനോടൊപ്പം സുപ്രീംകോടതി വിധിപ്രകാരമുള്ള അവരുടെ സേവന-വേതന വ്യവസ്ഥകൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ഇടയാകട്ടെയെന്നും ആശംസിക്കുന്നു.

Back to top button
error: