നടൻ ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത അടൂർ ഗോപാലകൃഷ്ണന്റെ ‘കൊടിയേറ്റം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 45 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ഗോപിയെ കൊടിയേറ്റം ഗോപിയാക്കിയ അടൂരിന്റെ ‘കൊടിയേറ്റ’ത്തിന് 45 വർഷം പഴക്കം. 1978 മെയ് 12 നായിരുന്നു ഗോപിക്ക് ഭരത് അവാർഡ് സമ്മാനിച്ച ഈ ചിത്രത്തിന്റെ റിലീസ്. അടൂർ സ്ഥാപിച്ച ചിത്രലേഖ ഫിലിംസ് സൊസൈറ്റി നിർമ്മിച്ച രണ്ട് ചിത്രങ്ങളിലൊന്നാണ് ‘കൊടിയേറ്റം’ (മറ്റേത് സ്വയംവരം). തിരുവനന്തപുരത്ത് ഉള്ളൂരിലായിരുന്നു ഏറെയും ചിത്രീകരണം.
പ്രത്യേകിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളില്ലാത്ത, പ്രയോഗികബുദ്ധിയില്ലാത്ത ഒരു ജനതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് ശങ്കരൻകുട്ടി (ഗോപി). ദൂരസ്ഥലങ്ങളിൽ വരെ പോയി ഉത്സവം കാണുക എന്നതാണ് പ്രധാന പരിപാടി. പാത്രം നിറച്ച് ചോറുണ്ണുന്നതും ഇഷ്ടം. പക്ഷെ വച്ചുണ്ടാക്കില്ല. ‘പുര നിറഞ്ഞു നിൽക്കുന്ന പെങ്ങൾ’ (കുട്ട്യേടത്തി വിലാസിനി) വീട്ടുവേലയ്ക്ക് മറ്റൊരു വീട്ടിൽ കഴിയുന്നു.
ഇതിനിടെ ശങ്കരൻകുട്ടിയുടെ കല്യാണം കഴിഞ്ഞു. പക്ഷെ ഒരു സ്ഥലത്തും ഉറച്ചു നിൽക്കാത്ത ശങ്കരൻകുട്ടിയുടെ ഉത്തരവാദിത്തമില്ലായ്മ ഭാര്യക്ക് (കെപിഎസി ലളിത) പിടിക്കുന്നില്ല. ഗർഭിണിയായ അവർ ഭർത്താവിനെ ഉപേക്ഷിച്ചു പോയി. ശങ്കരൻകുട്ടി പിന്നേം തെങ്ങിന്മേൽ.
ലോറിയിൽ കിളിയായി പോകുന്ന ശങ്കരൻകുട്ടിക്ക്, ഉത്തരവാദിത്തമുള്ള ഒരു ജോലി തലയിൽ കയറിയതിൽപ്പിന്നെ, ബോധോദയമുണ്ടായെന്ന് വേണം കരുതാൻ. അയാൾ ഭാര്യയുടെ അടുത്ത് സ്നേഹമുള്ളവനായി ചെല്ലുന്നു. ജീവിതം എന്ന ലോറി ഓടിക്കാൻ തയ്യാറായിട്ട്.
ഗ്രാമജീവിതക്കാഴ്ച്ചകൾക്കൊപ്പം സാമൂഹ്യവിമർശനം കൊള്ളുന്ന സീനുകളും ധാരാളമുണ്ട് ഈ ചിത്രത്തിൽ. ഒരുദാഹരണം: ‘ഇപ്പൊ ജാഥയൊന്നുമില്ലേ?’ ‘പാർട്ടീന്നൊക്കെ പുറത്താക്കി.’ ‘ഇനീപ്പോ എന്നാ ചെയ്യും?’ ‘വല്ല ബിസിനസ്സോ മറ്റോ ചെയ്യണം.’ ‘ഇതിൽപ്പരം ബിസിനസ്സ് വേറെ എന്നാ ഒള്ളത്?’
ഭാര്യയുമൊരുമിച്ച് റോഡിലൂടെ നടക്കുമ്പോൾ ചെളി തെറിപ്പിക്കുന്ന സീനിലാണ് വാഹനത്തെ നോക്കി ആ പ്രശസ്തമായ ഡയലോഗ്: ‘എന്തൊരു സ്പീഡ്!’
ഗാനങ്ങളോ പശ്ചാത്തല സംഗീതമോ ഇല്ലായിരുന്നു. പകരം സ്വാഭാവിക ശബ്ദങ്ങൾ മാത്രം. കാമറ മങ്കട രവിവർമ്മ. ‘കൊടിയേറ്റം’ കഴിഞ്ഞ് 3 വർഷത്തിന് ശേഷം വന്ന അടൂർ ചിത്രമാണ് ‘എലിപ്പത്തായം’. അതിലും മലയാളിയുടെ അലസതയും നിസംഗതയും പ്രമേയമാണ്. ‘കൊടിയേറ്റം’ തിരക്കഥയിലെ ഒരു ഭാഗം ഒൻപതാം ക്ളാസ്സിലെ കേരള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എലിപ്പത്തായം കോളജ് തലത്തിലും.