മനാമ: ബഹ്റൈനിലെ സ്വകാര്യ സ്‍കൂളുകളിലെ തസ്‍തികകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശുപാർശ. അധ്യാപകർക്ക് പുറമെ അഡ്‍മിനിസ്‍ട്രേഷൻ ഉൾപ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്ന ശുപാർശ കഴിഞ്ഞ ദിവസം പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അക്കാദമിക വർഷം തന്നെ തീരുമാനം നടപ്പാക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്.
ബഹ്റൈൻ പൗരന്മാരായ അധ്യാപകരുടെയും ജീവനക്കാരുടെും ശമ്പളം ഭാഗികമായി തംകീൻ പദ്ധതി വഴി സർക്കാർ സഹായത്തോടെ വിതരണം ചെയ്യണമെന്നും എംപിമാർ ആവശ്യപ്പെട്ടു. നഴ്‍സറികളിലെയും കെ.ജി ക്ലാസുകളിലെയും അധ്യാപകരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശയെയും എംപിമാർ പിന്തുണച്ചു. ഇത്തരം അധ്യാപകർ നിലവിൽ 150 ബഹ്റൈനി ദിനാറിലും (32,000ൽ അധികം ഇന്ത്യൻ രൂപ) താഴ്‍ന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് എംപിമാർ ചൂണ്ടിക്കാട്ടിയത്.
സെക്കണ്ടറി സ്‍കൂൾ യോഗ്യതയുള്ളവർക്ക് മിനിമം ശമ്പളം 300 ദിനാറും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 350 ദിനാറും ബിരുദ യോഗ്യതയുള്ളവർക്ക് 450 ദിനാറും മിനിമം ശമ്പളം നൽകണമെന്ന് നേരത്തെ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ട് ശുപാർശകളും ഇനി ബഹ്റൈൻ ക്യാബിനറ്റ് പരിശോധിക്കും.