IndiaNEWS

ഡ്രസ് കോഡ് നിർബന്ധം, നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനികളോട് ബ്രാ ഊരിമാറ്റാനും വസ്ത്രം മാറാനും ആവശ്യപ്പെട്ടു

  നീറ്റ് പരീക്ഷക്ക് മുന്നോടിയായി നടക്കുന്ന സുരക്ഷാ പരിശോധന അതിരു കടക്കുന്നു എന്ന പരാതികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉയര്‍ന്നു വരുന്നു. ഇത്തവണയും നീറ്റ്-യുജി പരീക്ഷയ്ക്കിടെ മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടികളോട് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ടതായും മറ്റുചില വിദ്യാര്‍ഥിനികളോട് ബ്രാ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതായുമാണ് ആരോപണം. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മാറ്റി ഒപ്പം വന്ന മാതാവിന്റെ വസ്ത്രങ്ങള്‍ ധരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായും ചിലര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പലരും അനുഭവങ്ങള്‍ പങ്കുവെച്ചിട്ടിട്ടുണ്ട്. സംഭവത്തില്‍ വിദ്യാർഥിനികളും രക്ഷിതാക്കളും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

എന്‍.ടി.എ നിര്‍ബന്ധമാക്കിയ ഡ്രസ് കോഡ് പാലിക്കുന്നതിനായി ചില വിദ്യാര്‍ഥിനികള്‍ക്ക് അടുത്തുള്ള കടകളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങേണ്ടി വന്നതായും പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ പരാതികളുടെ അടിസ്ഥാനത്തില്‍, പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് വിദ്യാര്‍ഥിനികളുടെ സുരക്ഷാ പരിശോധനകളുടെ കാര്യത്തില്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി നേരത്തെ എന്‍.ടി.എ അറിയിച്ചിരുന്നു.

ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളിൽ, ഇത്തവണ ബ്രായുടെ സ്ട്രാപ്പുകളും അടി വസ്ത്രങ്ങളും പരിശോധിച്ചതായി പറയുന്നു. ഒരു പരീക്ഷാ കേന്ദ്രത്തില്‍ പെണ്‍കുട്ടിയോട് തന്റെ കുര്‍ത്ത അഴിച്ചുമാറ്റി അകത്ത് ധരിക്കാന്‍ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു നിര്‍ണായക പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ വിദ്യാര്‍ഥിനികളെ മാനസികമായി ബുദ്ധിമുട്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇങ്ങനെയുള്ള പരിശോധനകൾ അസ്വീകാര്യമാണെന്നും അവരോട് പെരുമാറുന്നത് ശരിയായ രീതിയല്ലെന്നും ഒരു ഡോക്ടര്‍ ദമ്പതികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

പരീക്ഷക്കെത്തിയ നിരവധി വിദ്യാര്‍ഥികളോട് അവരുടെ പാന്റ് മാറ്റാനോ അല്ലെങ്കില്‍ അടി വസ്ത്രങ്ങള്‍ അഴിക്കാനോ ആവശ്യപ്പെട്ടതായി ബംഗാളിലെ ഹിന്‍ഡ്മോട്ടറിലുള്ള എച്ച്.എം.സി എജ്യുക്കേഷന്‍ സെന്ററില്‍ നിന്നുള്ള വിദ്യാര്‍ഥി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘നിരവധി പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് പാന്റ് മാറ്റി കൂടെ വന്ന അമ്മയുടെ വസ്ത്രം ധരിക്കേണ്ടി വന്നു.’ വിദ്യാര്‍ഥി പറഞ്ഞു. പരീക്ഷാ കേന്ദ്രത്തിന് ചുറ്റുമായി കടകളോ മറ്റോ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികള്‍ക്കൊപ്പം തുറന്ന മൈതാനത്ത് വസ്ത്രം മാറേണ്ടിവന്നതായും അവരുടെ മാതാപിതാക്കള്‍ മറയായി നിന്നാണ് അവര്‍ വസ്ത്രങ്ങള്‍ മാറിയതെന്നും സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ പറയുന്നു.

അതെസമയം എച്ച്.എം.സി എജ്യുക്കേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ഇത്തരം സംഭവങ്ങള്‍ നിരസിക്കുന്നു. ചില വിദ്യാർഥികൾ ഡ്രസ് കോഡ് പാലിച്ചില്ലെന്നും അതിനാല്‍ വസ്ത്രങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. പരിശീലനം ലഭിക്കാത്ത പ്രൈമറി ക്ലാസുകളില്‍ നിന്നുള്ള അധ്യാപകരെ ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് ഒരു രക്ഷിതാവ് ആരോപിച്ചു.

Back to top button
error: