നിലമ്പൂർ: പൂക്കോട്ടുംപാടം ടി.കെ.കോളനിയിൽ വിനോദയാത്ര വന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വനത്തിൽ കുടുങ്ങിയവരെ സുരക്ഷാ സേന അതിസാഹസികമായി രക്ഷിച്ചു.ഇന്നലെ ഉച്ചക്ക് ആന്റണിക്കാട് അസംപ്ഷൻ പബ്ലിക് സ്കൂളിന് സമീപം ആണ് സംഭവം.സ്ഥലത്ത് അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡ് സഥാപിച്ചിട്ടുണ്ട്.ഇത് അവഗണിച്ചായിരുന്നു വിനോദയാത്രയ്ക്കെത്തിയവരുടെ സാഹസം.
ഉൾവനത്തിൽ കനത്ത മഴയെത്തുടർന്ന് കോട്ടപ്പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു.ഇതോടെയാണ് മറുകര കടക്കാനാവാതെ സംഘം വനത്തിനുള്ളിൽ കുടുങ്ങിയത്.വഴിക്കടവ് പൂവത്തിപ്പാെയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ 6 പേരിൽ സ്ത്രീയും 3 കുട്ടികളും ലക്ഷദ്വീപിൽ നിന്നുള്ള മറ്റാെരു സംഘത്തിലെ 2 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ പുഴയിൽ ഇറങ്ങിയത്.
ഉൾവനത്തിൽ തലേന്ന് മുതൽ കനത്ത മഴയായിരുന്നു. ഇതേത്തുടർന്നായിരുന്നു പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് പെട്ടെന്ന് ജലനിരപ്പ് ഉയർന്നപ്പോൾ രണ്ടര മുതൽ 10 വയസ്സ് പ്രായക്കാരായ 3 കുട്ടികൾ, സ്ത്രീ, ലക്ഷദ്വീപുകാർ എന്നിവർ മറുകരയിൽ കുടുങ്ങി.തുടർന്ന് പുഴയോരത്ത് നിന്നവർ വിവരം അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരെ അറിയിക്കുകയായിരുന്നു.
പൊലീസ്, നിലമ്പൂരിൽ നിന്ന് അഗ്നി രക്ഷാസേന, സിവിൽ ഡിഫൻസ് സേന തുടങ്ങിയവർ സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്.അഗ്നിരക്ഷാ സേനയിലെ 2 പേർ നീന്തി അക്കരെ എത്തി. കുട്ടികളെ തോളിലേറ്റി 2 കിലോമീറ്റർ ദൂരം നടന്ന് നാൽപത് സെന്റ് കോളനിയിൽ എത്തിച്ചു.രാത്രി 9 മണിയോടെ സംഘം വഴിക്കടവിലേക്ക് മടങ്ങി.