KeralaNEWS

താനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നലെ ഉയർന്ന തിരമാല മുന്നറിയിപ്പുണ്ടായിരുന്നതായി വിവരം

മലപ്പുറം: വിനോദയാത്രാ ബോട്ടുമുങ്ങി 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നലെ ഉയർന്ന തിരമാല മുന്നറിയിപ്പുണ്ടായിരുന്നു.എന്നാൽ അപകടമുണ്ടായ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നില്ല.
 ഉയർന്ന തിരമാലയുടെ സാഹചര്യത്തിൽ ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.ഇതോടൊപ്പം ഉയർന്ന തിരമാല മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പും, സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രവും നൽകിയിരുന്നു.
കേരള തീരത്ത് ഇന്നലെ വൈകിട്ട് അഞ്ചര മുതൽ  രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം (ഇൻകോയിസ് ) നൽകിയിരുന്ന മുന്നറിയിപ്പ്.
താനൂരിൽ ഇന്നലെ രാത്രി  0.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ രേഖപ്പെടുത്തി. 6.7 സെക്കന്റാണ് വേവ് പീരിയഡ്. തീരദേശത്ത് കാറ്റിന് മണിക്കൂറിൽ 8 കി.മി വേഗതയുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിലാണ് കാറ്റിന്റെ വേഗത. ഉൾക്കടലിൽ കാറ്റിന് ശക്തി കൂടുതലാണ്. 24 കി.മി ആണ് മണിക്കൂറിൽ വേഗത. ദിശ വടക്കുപടിഞ്ഞാറ്. കഴിഞ്ഞ 24 മണിക്കൂറിൽ മൂന്നു തവണ തിരമാലകളുടെ ഉയരം 1.8 മീറ്റർ വരെ എത്തിയെന്നാണ് ടൈഡ് ഫോർ ഫിഷിങ് വെബ്‌സൈറ്റ് പറയുന്നത്.
അതേസമയം താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ പതിനൊന്ന് പേരുടെയും മൃതദേഹങ്ങൾ ഖബറടക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.തിരൂരങ്ങാടി ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം എല്ലാവരുടെയും മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകി.പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം പതിനൊന്നു പേരാണ് മരിച്ചത്.ഒരേ കുഴിയിൽ പതിനൊന്നു ഖബറാണ് ഒരുങ്ങുന്നത്.

Back to top button
error: