തിരുവല്ല: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന് ഏറ്റവും കൂടുതൽ പ്രവാസികൾ ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റയിൽവെ സ്റ്റേഷന് മുൻപിൽ ധർണ്ണ നടത്തി.
കരിപ്പൂർ, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഉപയോഗപ്പെടുത്തുന്ന പത്തനംതിട്ട ജില്ല നിവാസികളായ പ്രവാസികൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചാൽ യാത്രാചെലവും, സമയവും കുറയ്ക്കുവാൻ സാധിക്കും. അതുപോലെ തീർത്ഥാടനകേന്ദ്രമായ ശബരിമല, പരുമല, മഞ്ഞനിക്കര, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കൺവെൻഷൻ നടക്കുന്ന മാരാമൺ, ഹിന്ദുമത കൺവെൻഷൻ നടക്കുന്ന ചെറുകോൽ പുഴ, കുളത്തൂർമുഴി, മാടമൺ ശ്രീനാരായണ കൺവെൻഷൻ തുടങ്ങിയവയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് തിരുവല്ലായിലെ സ്റ്റോപ്പ് ഗുണകരമാണ്.
ഇക്കാര്യങ്ങൾ വിശദീകരിച്ച് റെയിൽവേ മന്ത്രി അശിനി വൈഷണവയ്ക്കും, വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും, റെയിൽവേ ബോർഡ് ചെയർമാനും കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനവും നൽകിയിട്ടുണ്ട്.