ഗുവാഹാട്ടി: കോളജ് വിദ്യാര്‍ഥിനിക്കൊപ്പമുള്ള സ്വകാര്യവീഡിയോ സാമൂഹിക മാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിച്ചതിന് പിന്നാലെ 72 വയസുകാരനായ വയോധികന്‍ ജീവനൊടുക്കി. അസമിലെ ജോര്‍ഹട്ട് സ്വദേശിയാണ് വീഡിയോ പ്രചരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതികളായ കോളജ് വിദ്യാര്‍ഥിനി ദര്‍ശന ബരാലി(22) ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മറ്റു രണ്ടുയുവാക്കള്‍ യുവതിയുടെ സുഹൃത്തുക്കളാണെന്നും അശ്ലീലവീഡിയോ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു യുവതിയുടെ രീതിയെന്നും പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജീവനൊടുക്കിയ വയോധികനെ കോളജ് വിദ്യാര്‍ഥിനിയായ ദര്‍ശന പ്രലോഭിപ്പിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയും സ്വകാര്യനിമിഷങ്ങള്‍ രഹസ്യമായി റെക്കോഡ് ചെയ്തെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അവിവാഹിതനായ ഇയാളുമായി യുവതി നേരത്തെ പരിചയം സ്ഥാപിച്ചിരുന്നു. അടുത്തിടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് ക്ഷണിച്ചു. ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും സ്വകാര്യനിമിഷങ്ങള്‍ യുവതി രഹസ്യമായി പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് പിന്നീട് അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്തത്. പിന്നാലെ സാമൂഹികമാധ്യമങ്ങളിലും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വയോധികന്‍ ജീവനൊടുക്കുകയായിരുന്നു.
സംഭവത്തില്‍ യുവതിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് 72 വയസുകാരന്റെ കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അതിനിടെ, യുവതിയുടെ മറ്റുചില വീഡിയോകളും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അടുത്തിടെ തന്റെ രഹസ്യവീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഒരു കോളജ് വിദ്യാര്‍ഥിക്കെതിരേ ദര്‍ശന പരാതി നല്‍കിയിരുന്നതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കോളജ് വിദ്യാര്‍ഥി കുറ്റം നിഷേധിക്കുകയായിരുന്നു. ദര്‍ശനയാണ് തന്നെ കെണിയില്‍പ്പെടുത്തിയതെന്നും വീഡിയോ പകര്‍ത്തിയത് യുവതി തന്നെയാണെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.
അശ്ലീല വെബ്സൈറ്റുകളില്‍ വീഡിയോ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കാനാണ് യുവതിയും സുഹൃത്തുക്കളും ഇത്തരത്തില്‍ പുരുഷന്മാരെ കെണിയില്‍പ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ ലാപ്ടോപ്പില്‍നിന്ന് ഇത്തരത്തിലുള്ള മറ്റുചില വീഡിയോകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.