ബോളിവുഡിനെ തകർച്ചയിൽ നിന്ന് രക്ഷിച്ച ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം താൻ നായകനായെത്തിയ ചിത്രം ഇത്ര വലിയ വിജയം നേടിയത് ഷാരൂഖ് ഖാനും വ്യക്തിപരമായി ആഘോഷിക്കാനുള്ള കാരണമായിരുന്നു. ഇപ്പോഴിതാ പഠാന് ശേഷം അദ്ദേഹം നായകനാവുന്ന അടുത്ത ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷൻ എൻറർടെയ്നർ ചിത്രം ജവാൻ ആണ് അത്. നേരത്തെ പ്രഖ്യാപിച്ചിരുന്നചിത്രത്തിൻറെ റിലീസ് തീയതി മാറ്റിയിരുന്നു. പുതിയ തീയതിയെക്കുറിച്ച് ഊഹാപോഹങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ തീയതി ഒഫിഷ്യൽ ആക്കിയിരിക്കുകയാണ് അണിയറക്കാർ.
സെപ്റ്റംബർ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ടാവും. ജൂൺ 2 ആണ് ചിത്രത്തിൻറെ ആദ്യം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. ഈ തീയതി മാറ്റിയെന്നും പകരം ഓഗസ്റ്റ് 25 ന് ചിത്രം എത്തുമെന്നും റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ അണിയറക്കാരിൽ നിന്നു തന്നെ പ്രഖ്യാപനം എത്തിയതോടെ ആരാധകർക്കിടയിൽ ഇത് സംബന്ധിച്ചുള്ള സംശയങ്ങൾ അവസാനിച്ചിരിക്കുകയാണ്.
#Jawan #7thSeptember2023 pic.twitter.com/ehC8GDM52T
— Gauri Khan (@gaurikhan) May 6, 2023
നയൻതാര നായികയാവുന്ന ചിത്രത്തിൽ സാന്യ മൽഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാൻ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. ‘റോ’യിലെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) ഒരു മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോർട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയൻതാരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എൻറർടെയ്ൻമെൻറിൻറെ ബാനറിൽ ഗൌരി ഖാൻ ആണ് നിർമ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൻറെ ആക്ഷൻ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.