IndiaNEWS

വിവാഹ മോചന കേസുകളിൽ കുട്ടികളുടെ സംരക്ഷണ ചുമതല സ്ഥിരമായി ഒരാൾക്കല്ലെന്ന് കോടതി വിധി, വളർച്ചയുടെ ഘട്ടങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താം

   കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് കർശനമായി ഇടപെടാനാകില്ലെന്ന് ബോംബെ ഹൈകോടതിയുടെ സുപ്രധാന വിധി. കുട്ടികളുടെ ആവശ്യങ്ങളും ക്ഷേമവും കണക്കിലെടുത്ത് എപ്പോൾ വേണമെങ്കിലും തീരുമാനം മാറ്റാവുന്നതാണ്. മുൻ ഭാര്യ പുനർവിവാഹം കഴിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകന്റെ നിയമപരമായ രക്ഷിതാവാക്കണമെന്ന് ആവശ്യപ്പെട്ട് 40 കാരനായ ഒരാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കുട്ടികളുടെ സംരക്ഷണം സെൻസിറ്റീവ് വിഷയമാണെന്നും ജീവിതത്തിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ, കുട്ടികൾക്ക് പരിചരണവും വാത്സല്യവും ആവശ്യമാണെന്നും ഉത്തരവിൽ ജസ്റ്റിസ് നിള ഗോഖലെയുടെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. 2017 ൽ ദമ്പതികൾ വിവാഹമോചനം നേടിയപ്പോൾ, രണ്ടുപേരിൽ ഒരാൾ പുനർവിവാഹം ചെയ്താൽ, മറ്റൊരാൾക്ക് കുട്ടിയുടെ പൂർണ സംരക്ഷണം ലഭിക്കുമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നുവെന്ന് മുൻ ഭർത്താവ് ഹർജിയിൽ പറഞ്ഞു.

ഇപ്പോൾ ഭാര്യ വീണ്ടും വിവാഹം കഴിച്ചതിനാൽ കുട്ടിയുടെ പൂർണ സംരക്ഷണം തേടി ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ഹിന്ദു വിവാഹ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം മാതാവിനും പിതാവിനും നൽകാനുള്ള മുൻ ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് അദ്ദേഹം കുടുംബ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ഹർജി കുടുംബ കോടതി തള്ളി. ഹിന്ദു വിവാഹ നിയമപ്രകാരമല്ല, ഗാർഡിയൻസ് ആന്റ് വാർഡ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് കോടതി പറഞ്ഞു.

ഇതിനെതിരെയാണ് മുൻ ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്. കുടുംബകോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ വാദം കേൾക്കാൻ കോടതി നിർദേശിച്ചു. കുടുംബകോടതിയുടെ തീരുമാനവും ശരിയാണെന്നും എന്നാൽ കുട്ടികളുടെ സംരക്ഷണകാര്യം വളരെ സെൻസിറ്റീവായ വിഷയമാണെന്നും സാങ്കേതികമായി ഇത് പരിഹരിക്കാനാകില്ലെന്നും ജസ്റ്റിസ് ഗോഖലെ പറഞ്ഞു.

ജീവിതത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ കുട്ടികളെ പരിപാലിക്കേണ്ടത് ആവശ്യമാണ്. കുട്ടിയുടെ സംരക്ഷണം സംബന്ധമായ ഉത്തരവുകൾ എപ്പോഴും ഇടക്കാല ഉത്തരവുകളായി കണക്കാക്കുന്നതിന്റെ കാരണം ഇതാണ്. ഇത് കർക്കശവും അന്തിമവുമാക്കാൻ കഴിയില്ല. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുട്ടിയുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് സംരക്ഷണ ചുമതല തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

Back to top button
error: