പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്ന് ടിനി ടോം. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്ന് ടിനി പറഞ്ഞു. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
”സിനിമയില്‍ ഒരു വലിയ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ എന്റെ മകന് അവസരം ലഭിച്ചു. പക്ഷേ, മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാന്‍ പറ്റില്ലെന്ന് എന്റെ ഭാര്യ പറഞ്ഞു. മയക്കുമരുന്നിനെക്കുറിച്ചായിരുന്നു ഭയം. 17-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരി. ഇതിനെതിരേ യുവാക്കളാണ് മുന്നില്‍ നില്‍ക്കേണ്ടത്. കല നമ്മുടെ ലഹരിയായി മാറട്ടെ,” ടിനി ടോം പറഞ്ഞു.
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഈയടുത്തായി ഉയരുന്നത്. മുതിര്‍ന്ന നടന്മാരും സംവിധായകരും അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തുകയാണ്. സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തില്‍ താരസംഘടനയായ ‘അമ്മ’യില്‍നിന്നടക്കം വിവരങ്ങള്‍ തേടാന്‍ ഒരുങ്ങുകയാണ് എക്സൈസ് വകുപ്പ്.