KeralaNEWS

പൊന്നാനിയിലെ നിളയോര പാത ഏറ്റെടുത്ത് ജനങ്ങൾ

മലപ്പുറം: പൊന്നാനിയിലെ നിളയോര പാത വിനോദ സഞ്ചാരികളുടെ പറുദീസയാവുന്നു.നിളയുടെ സൗന്ദര്യം നുകര്‍ന്ന്, പൊന്നാനിയുടെ പരമ്ബരാഗത ഭക്ഷ്യവിഭവങ്ങള്‍ രുചിച്ച്‌, പുഴയുടെ ഓളപ്പരപ്പിലൂടെ ബോട്ട് യാത്ര നടത്തി അവധി ദിനങ്ങളെ ആഘോഷമാക്കാന്‍ ഓരോ ദിവസവും ഇവിടെയെത്തുന്നത് ആയിരങ്ങളാണ്.

നിളയുടെ അരികുപറ്റി കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാത വൈകുന്നേരങ്ങളില്‍ ജനനിബിഡമാണ്.ഭാരതപ്പുഴ അറബിക്കടലില്‍ അലിയുന്ന അഴിമുഖത്തു നിന്നുവരുന്ന തണുത്ത കാറ്റ് ഉച്ചവെയിലിന്റെ കാഠിന്യത്തെപോലും നേര്‍പ്പിക്കും.പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് സൂര്യന്‍ ചേക്കേറിത്തുടങ്ങുമ്ബോള്‍ ഈ പാതയിലേക്ക് ആളുകളുടെ ഒഴുക്കാണ്. അഴിമുഖത്തെയും നിളയിലെയും കാഴ്ച്ചകള്‍ കണ്ട് സായാഹ്നസൗന്ദര്യം ആസ്വദിച്ച്‌ ഓളപ്പരപ്പിലൂടെ ബോട്ട് യാത്ര നടത്തിയാണ് മടക്കം.

നരിപ്പറമ്ബ്‌ പൊന്നാനി ദേശീയപാതയിലെ ചമ്രവട്ടം കടവില്‍നിന്ന് തുടങ്ങി പൊന്നാനി മത്സ്യബന്ധന തുറമുഖം വരെ നീളുന്ന അഞ്ചരക്കിലോമീറ്ററോളം വരുന്നതാണീ പാത. ഹാര്‍ബറിനെ ബന്ധിപ്പിച്ച്‌ കനോലി കനാലിന് കുറുകെ നിര്‍മ്മിച്ച പാലം കാഴ്ചകളുടെ സൗന്ദര്യത്തിന് ശോഭ കൂട്ടുന്നു. പാലത്തിനു മുകളിലെത്തി ഭാരതപ്പുഴയ്ക്കഭിമുഖമായി സെല്‍ഫിയെടുക്കാന്‍ തിരക്കോട് തിരക്കാണ്.

Signature-ad

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുളളവര്‍ അവധി ദിവസങ്ങള്‍ ചെലവിടാന്‍ ഒന്നാമതായി തിരഞ്ഞെടുക്കുന്ന ഇടമായി പൊന്നാനി നിളയോര പാത മാറി. നിളയുടെയും അറബിക്കടലിന്റെയും സൗന്ദര്യമാസ്വദിക്കാന്‍ കഴിയുന്ന ബോട്ടുയാത്രയാണ് ഇവിടത്തെ പ്രത്യേകത. സ്പീഡ് ബോട്ടുകള്‍ ഉള്‍പ്പെടെ ഇരുപതോളം ബോട്ടുകള്‍ ഇവിടെ സവാരി നടത്തുന്നുണ്ട്.

ഗ്രൂപ്പുകളായെത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പാക്കേജും നിലവിലുണ്ട്. 30 പേര്‍ക്ക് കയറാവുന്ന ബോട്ടിന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് വാടക കണക്കാക്കുന്നത് 2500 രൂപയാണ്. ഭക്ഷണമുള്‍പ്പെടെ നാല് മണിക്കൂര്‍ നേരത്തേയ്ക്ക് ഒരാള്‍ക്ക് 400 രൂപ നിരക്കിലുള്ള പാക്കേജും ലഭ്യമാണ്.കുതിര സവാരിയും ബഗി റെയ്ഡും ഒരുക്കിയിട്ടുണ്ട്. ഭക്ഷണവൈവിദ്ധ്യം സമ്മാനിക്കുന്ന നിരവധി കടകളാല്‍ സമൃദ്ധമാണ് തീരം.

Back to top button
error: