കൊച്ചി: അരിക്കൊമ്പന് ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നല്കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് കത്തില്‍ പറയുന്നു. ദൗത്യസംഘത്തിന് വ്യക്തിപരമായ നന്ദിയും അഭിനന്ദനവും അറിയിച്ച് കൊണ്ടുള്ളതാണ് കത്ത്.
അതിനിടെ അരിക്കൊമ്പന് വിഷയം പരിഗണിക്കവേ, വനംവകുപ്പിനോട് ഹൈക്കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. അരിക്കൊമ്പന് ചിന്നക്കാനിലേക്ക് തിരികെ വരാന്‍ സാധ്യതയില്ലേ എന്ന ചോദ്യമാണ് മുഖ്യമായി ഉന്നയിച്ചത്. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അരിക്കൊമ്പനെ എവിടേയ്ക്കാണ് കൊണ്ടുപോയത് അവിടെ തന്നെയാണ് ഉള്ളത് എന്ന് വനംവകുപ്പ് മറുപടി നല്കി. വനമേഖലയില്‍ തന്നെയാണ് അരിക്കൊമ്പന്. റേഡിയോ കോളര്‍ ഉപയോഗിച്ച് അരിക്കൊമ്പനെ നിരീക്ഷിച്ച വരുന്നതായും വനംവകുപ്പ് കോടതിയെ ധരിപ്പിച്ചു.