IndiaNEWS

‘കേരള സ്റ്റോറി’ക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളുമാണ് സിനിമയില്‍ പറയുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനു മുന്നോടിയായി, സമാനമായ ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് സിനിമാ നിര്‍മാതാക്കളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജിയില്‍ ഇടപടാന്‍ കോടതി വിസമ്മതിച്ചത്. ചിത്രത്തിനെതിരെ ഹര്‍ജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചിത്രത്തിനെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Signature-ad

‘ദ കേരള സ്റ്റോറി’ എന്ന സിനിമ മേയ് അഞ്ചിന് റിലീസ് ചെയ്യുന്നതു തടയണമെന്ന ഇടക്കാല ആവശ്യം കേരള ഹൈക്കോടതി ഇന്നലെ അനുവദിച്ചില്ല. സിനിമയില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയ ജസ്റ്റിസ് എന്‍. നഗരേഷ്, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി 5നു പരിഗണിക്കാന്‍ മാറ്റി. സിനിമ നിലവിലെ രീതിയില്‍ റിലീസ് ചെയ്യുന്നത് കേരളത്തിലെ ജനങ്ങളുടെ അന്തസ്സിനും കീര്‍ത്തിക്കും ചേര്‍ന്നതല്ലെന്ന് കാണിച്ച് തൃശൂര്‍ സ്വദേശി അഡ്വ. വി.ആര്‍.അനൂപ് ആണ് ഹര്‍ജി നല്‍കിയത്.

Back to top button
error: