കടുത്ത ചൂടിൽ വെന്തുരുകിയ നാടിനുമേൽ തെക്കുനിന്നും പതുക്കെ ചാറിച്ചാറിയെത്തിയ മഴ ഒടുവിൽ സംസ്ഥാനം മുഴുവൻ ശക്തി പ്രാപിച്ചതോടെ നാടിനും നഗരത്തിനും അത് ആശ്വാസക്കണ്ണീരായി.ഒരാഴ്ചയിലേറെയായി നിർത്താതെ പെയ്ത മഴയിൽ സംസ്ഥാനത്തെ ജലക്ഷാമത്തിനും ഒരുപരിധിവരെ സഹായകരമായി.വേനൽ കനത്തു ജലക്ഷാമം രൂക്ഷമായിരിക്കേ പെയ്ത മഴ ചൂടിനും വീടിനും ഒരുപോലെ ആശ്വാസം പകരുന്നതായിരുന്നു.
കടുത്ത ചൂടിൽ കത്തിക്കരിഞ്ഞ കൃഷിയ്ക്കും വിഷുകഴിഞ്ഞ് ഒന്നാം വിളയ്ക്ക് ഒരുക്കങ്ങൾ തുടങ്ങാനിരുന്ന കർഷകർക്കും വേനൽ മഴ ആശ്വാസമായി.അതേസമയം മഴയ്ക്കൊപ്പം അപ്രതീക്ഷിതമായി എത്തിയ കാറ്റ് പല കർഷകർക്കും കണ്ണീരുമായി.കാറ്റിനൊപ്പം ശക്തിയായ ഇടിയും മിന്നലുമായാണ് പലയിടത്തും മഴ പെയ്യുന്നത്.ഇടിമിന്നലേറ്റും മരങ്ങൾ കടപുഴകിയും പത്തിലേറെ മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ സീസണിൽ വേനൽമഴ ഏറ്റവും കൂടുതൽ പെയ്തത് പത്തനംതിട്ടയിലാണ്.ഏറ്റവും കുറവ് കണ്ണൂരും.തുടർദിവസങ്ങളിലും മഴ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.ഇടിമിന്നലിൽ നിന്നും ജാഗ്രത പാലിക്കണം.