കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ഈ ചിത്രം ഉടന് തന്നെ മലയാളത്തിലും റിലീസാകുന്നുണ്ട്. ഇതിൻറെ പ്രമോഷനായി നടി സംയുക്ത കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേ സമയം സംയുക്ത അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ ബൂമറാംഗ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംയുക്ത തൻറെ നിലപാട് വ്യക്തമാക്കി. ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം എന്നാണ് സംയുക്ത പറഞ്ഞതെന്നാണ് ബൂമറാംഗ് നിർമ്മാതാവ് അന്ന് ആരോപിച്ചത്.
നടൻ ഷൈൻ ടോം ചാക്കോയും നടിക്കെതിരെ അന്ന് രംഗത്ത് എത്തിയിരുന്നു. “ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോൻ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലെ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പുള്ളൂ. കമ്മിറ്റ്മെൻറ് ഇല്ലയ്മയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്” – ഷൈൻ ടോം അന്ന് ആരോപിച്ചത്.
ഈ വിവാദത്തോടാണ് മാസങ്ങൾക്ക് ശേഷം സംയുക്ത മനസ് തുറക്കുന്നത്. താൻ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് മാത്രമേ പ്രമോഷൻ ചെയ്യു എന്ന് പറഞ്ഞിരുന്നില്ലെന്നാണ് താരം പറയുന്നത്. 2019 ൽ ഞാൻ ഏറ്റ ചിത്രമാണ് ബൂമറാംഗ് എന്നാൽ പല കാര്യങ്ങളാൽ അത് നീണ്ട് നീണ്ട് പോയി. ഒടുവിൽ വളരെ ടൈറ്റ് ഷെഡ്യൂളിൽ മറ്റൊരു വലിയ ചിത്രത്തിൻറെ ഷെഡ്യൂൾ മാറ്റിവച്ചാണ് അഭിനയിച്ചത്. അതേ സമയം ബൂമറാംഗ് പ്രമോഷൻ തുടങ്ങിയ സമയത്താണ് ‘വിരൂപാക്ഷ’ അവസാനഘട്ട ഷൂട്ടിംഗ് ആരംഭിക്കുന്നത്. പ്രമോഷൻ നടക്കാറയപ്പോഴാണ് എന്നോട് പറഞ്ഞത്. ഇതോടെ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട ആവശ്യം വന്നു. ഇതോടെ ഞാൻ തെലുങ്ക് സിനിമയിൽ അഭിനയിച്ചു – സംയുക്ത ഒരു ഓൺലൈൻ ചാനലിനോട് പറഞ്ഞു.