KeralaNEWS

കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ മഴ; ഉരുൾപൊട്ടൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:‍ വരുംദിവസങ്ങളിൽ സംസ്‌ഥാനത്തെ കാത്തിരിക്കുന്നത്‌ ശക്‌തമായ മഴയെന്നു പ്രവചനം.മെയ് നാലു വരെ ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണു കാലാവസ്‌ഥ കേന്ദ്രത്തിന്റെ പ്രവചനം.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്നതിനും കാലാവസ്ഥ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യത ഉള്ളതിനാലാണിത്. ഇന്ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ഇതില്‍ ആലപ്പുഴ ഒഴികെ ഉള്ള ജില്ലകളിലും യെലോ അലര്‍ട്ട് തുടരും.ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കാണു സാധ്യത.
 അതേസമയം ‍വേനൽമഴ ശക്തമായെങ്കിലും നാലു ജില്ലകളില്‍ മഴ നന്നേ കുറവാണ് ലഭിച്ചത്. കാസര്‍കോട് 96%, കണ്ണൂരില്‍ 87%, കോഴിക്കോട് 80%, മലപ്പുറം 68% എന്നിങ്ങനെയാണ് മഴ കുറവ്. തിരുവനന്തപുരം (36%), പാലക്കാട് (34%), കൊല്ലം (27%), ആലപ്പുഴ (22%) ജില്ലകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വേനല്‍മഴ കുറവാണ്.
പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് പതിവിലും ഏറെ മഴ ലഭിച്ചത്.കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, ജില്ലകളില്‍ സാധാരണ തോതില്‍ മഴ പെയ്തു.

Back to top button
error: