തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി.രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തിയതോടെയാണ് 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിച്ചത് ഇതിന് പിന്നാലെയായി മറ്റു ചെറുപൂരങ്ങളും എത്തിത്തുടങ്ങി.
കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാർ വടക്കുംനാഥന് മുന്നിലെത്തും.
12.15ന് പാറമേക്കാവിൽ എഴുന്നള്ളിപ്പ് തുടങ്ങി.പാണ്ടിമേളത്തിന് അകമ്പടിയായി 15 ഗജവീരന്മാരുമുണ്ട്.രണ്ടോടെയാണ് തേക്കിൻകാട് മൈതാനത്തിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250-ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്‌ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിട പറയൽ ചടങ്ങ് അവസാനിക്കും.