KeralaNEWS

വേഗതയിൽ ചിതറിപ്പോകുന്ന ജീവിതങ്ങള്‍ 

രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നത് ഒരു പക്ഷെ കേരളത്തിലാകും.ഇത്തരം അപകടങ്ങളിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് ടൂവീലറുകളുമാണ്.അമിതവേഗതയും അശ്രദ്ധയുമാണ് കേരളത്തിൽ ടൂവീലർ അപകടങ്ങൾ പെരുകാൻ കാരണം.
നൂറു ചോദ്യം കാണാതെ പഠിക്കുകയും എട്ടോ എച്ചോ എടുക്കുകയോ ചെയ്‌താല്‍ ഏതൊരാള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്ന നാടാണ് നമ്മുടേത്.ഡ്രൈവിംഗ് മര്യാദ എന്നൊരു കാര്യമുണ്ട്.അതാകട്ടെ നമ്മുടെ ഡ്രൈവിംഗ് പഠനത്തിനിടയില്‍ എവിടെയും ഉള്‍പ്പെടുത്തിയിട്ടുമില്ല.
 സീബ്രാ ലൈനില്‍ റോഡ്‌ മുറിച്ചു കടക്കുന്നവര്‍ക്ക് മുന്നില്‍ നിര്‍ത്താതെ ഹോണ്‍ അടിക്കുന്നവരെ നിങ്ങള്‍ക്ക് ഇവിടെ മാത്രമേ കാണാന്‍ കഴിയൂ.ഒരു ഹെഡ്‌ ലൈറ്റ്‌ കത്തിച്ചാല്‍ ഏതു വാഹനത്തെയും എങ്ങനെയും  മറികടന്നു  ഓടിക്കാം എന്ന് ചിന്തിക്കുന്നവരെയും ഇവിടെ കാണാം.ഓവര്‍ട്ടെക്ക് ചെയ്യല്‍ തങ്ങളുടെ ജന്മാവകാശമാണ്.അതിനു അനുവദിക്കാത്തവരെ തെറി വിളിക്കാം എന്നും നമ്മള്‍ ധരിച്ചു വച്ചിരിക്കുന്നു.
നാലുവരി പാതകളൊക്കെ വന്നെങ്കിലും നമ്മുടെ മിക്ക ഡ്രൈവര്‍മാര്‍ക്കും അതിലൂടെ എങ്ങനെ വാഹനമോടിക്കണം എന്നൊന്നും അറിയില്ല.ഒരേ വശത്തേക്ക് മാത്രം പോകുന്ന ഇത്തരം റോഡുകളില്‍ അവര്‍ ഏതു വശത്ത് കൂടെ വേണമെങ്കിലും മറി കടക്കുംഇതിലേറെ അപകടം നമ്മുടെ റോഡ്‌ നിയമങ്ങളാണ്.അമിതവേഗത്തില്‍ വാഹനം ഇടിച്ചു നാലുപേരെ കൊന്നാലും മനപൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പ് ചാര്‍ത്തി കുറ്റവാളിയെ പെട്ടെന്നുതന്നെ പുറത്തിറക്കും.
ബൈക്ക്‌ അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍  നാല്‍പ്പത്‌ ശതമാനത്തോളം 15-30 പ്രായത്തില്‍ ഉള്ളവരാണ്.ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ടൂവീലറുമായി നിരത്തിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളുടെ നാട് കൂടിയാണ് കേരളം.
100 CC യുള്ള ബൈക്കുകള്‍ തന്നെ നമ്മുടെ റോഡുകള്‍ക്ക് ആവശ്യമില്ല എന്നിരിക്കെ കൂടിയ പവര്‍ ഉള്ള ബൈക്കുകള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാകുന്നു. പലപ്പോഴും അനിയന്ത്രിതമായ വേഗത എടുക്കുന്ന ഇവ അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.ബൈക്കുകളില്‍ അനാവശ്യ പരിണാമങ്ങള്‍ വരുത്തുന്നതും അപകടം വര്‍ദ്ധിപ്പിക്കുന്നുണ്ട്.ഒരു മികച്ച ഡ്രൈവിംഗ് എന്നാല്‍ നിയമങ്ങള്‍ പാലിച്ചു ശ്രദ്ധയോടെ വാഹനം ഓടിക്കല്‍ മാത്രമല്ല..തങ്ങളുടെ ചുറ്റുമുള്ള വാഹനങ്ങള്‍ ഏതു നിമിഷവും ഒരു അപകടം ഉണ്ടാക്കിയേക്കാം എന്ന തിരിച്ചറിവോടെയുള്ള വാഹനമോടിക്കല്‍  കൂടിയാണ്.
അപകടങ്ങള്‍ ജീവനെടുത്ത വീടുകളില്‍ നിന്നും കണ്ണീര്‍ തുടച്ചു നാം ഇറങ്ങി വരാറുണ്ട്.ജീവിതത്തിന്റെ അനന്തമായ തിരക്കുകള്‍ക്കിടയില്‍ നിന്ന് പെട്ടെന്നൊരു ദിവസം മറഞ്ഞു പോയ അവരെക്കുറിച്ചോര്‍ത്തു നാം നെടുവീര്‍പ്പുമിടാറുണ്ട്.എങ്കിലും നമ്മളെ അവരുടെ സ്ഥാനത്ത് കാണാന്‍ നമുക്ക് കഴിയാറുണ്ടോ എന്നതാണ് ചോദ്യം??
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സ്ത്രീകൾ പ്രത്യേകം ശ്രദ്ധിയ്ക്കുക

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക.സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തിൽ എവിടെയെങ്കിലും കുരുങ്ങിയാൽ അപകടം ദാരുണമായിരിക്കും.യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക.
മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്‌ക്കാൻ ഫുട് റെസ്‌റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണ്.
 തീരുമാനിക്കേണ്ടത് നമ്മളാണ്
1 തലയിൽ ഹെൽമെറ്റ്‌ ഇട്ട് ചിൻ സ്ട്രാപ്പ് ഇട്ട് മാത്രമേ വണ്ടി റോഡിലേക്ക് ഇറക്കൂ
2യാതൊരു കാരണവശാലും പിന്നിൽ ആളെ കേറ്റില്ല, അഥവാ കയറ്റിയാൽ ഹെൽമെറ്റ്‌ ഉണ്ടെങ്കിൽ മാത്രമേ കയറ്റൂ.
3 മൂന്നാളെ എന്തായാലും എന്റെ വണ്ടിയിൽ കയറ്റില്ല (Triple)
4 ലൈൻ ട്രാഫിക് എന്തായാലും ഇന്ന് മുതൽ പാലിക്കും,റോഡ് മാർക്കിങ് നോക്കി ഓവർടേക്ക് ചെയ്യാൻ പറ്റുന്നിടത് മാത്രമേ ചെയ്യുകയുള്ളൂ.
5 വെടിവെച്ചു കൊന്നാലും മഞ്ഞ, തുടർച്ചയായ വെള്ളവര ക്രോസ്സ് ചെയ്യില്ല.
6. സിഗ്നലിൽ മഞ്ഞലൈറ്റ് മിന്നിയാൽ  വണ്ടി സ്ലോ ആക്കും.എന്നിട്ട് റെഡ് കത്തി ഓഫായി പച്ച ലൈറ്റ് കത്തിയിട്ടേ മുന്നോട്ടെടുക്കൂ.
7 ജംഗ്ഷൻ നിൽ വലത് വശത്ത് നിന്ന് വരുന്ന വാഹനത്തിന് മുൻഗണന കൊടുക്കും.
8 ഒരു കാരണവശാലും വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ല.അത്യാവശ്യ ഘട്ടങ്ങളിൽ സൈഡാക്കി വണ്ടി നിർത്തിയ ശേഷം മാത്രം ഫോൺ അറ്റൻഡ് ചെയ്യും
9. ടാക്സും, ഇൻഷുറൻസും  രജിസ്ട്രേഷൻ വാലിഡിറ്റിയുമില്ലാത്ത ഒരു വാഹനവും ഞാൻ ഓടിക്കില്ല.
10. സീറ്റ്‌ ബെൽറ്റ്‌ ഇടാതെ ഞാൻ കാർ ഓടിക്കില്ല.അടുത്തിരിക്കുന്ന ആളിനെയും സീറ്റ്‌ ബെൽറ്റ്‌ ധരിപ്പിക്കും, കാരണം വണ്ടി എന്റേതാണ് ഫൈൻ ഞാൻ അടക്കേണ്ടി വരും അവർ യാത്ര കഴിഞ്ഞാൽ ഇറങ്ങി പോകും.
11. എത്ര അടുത്ത സുഹൃത്ത് ആണെങ്കിലും എന്റെ വാഹനം ഞാൻ കൂടെയില്ലാതെ മറ്റൊരാൾക്ക്‌ ഓടിക്കാൻ കൊടുക്കില്ല.
12. ഒരു കാരണവശാലും കാൽനട യാത്രകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ഞാൻ വാഹനം പാർക്ക് ചെയ്യില്ല.
13. റോഡിൽ വച്ചിരിക്കുന്ന സ്പീഡ് സൈൻ ബോർഡ്‌ നോക്കി ആ സ്പീഡിൽ മാത്രമേ ഞാൻ വണ്ടി ഓടിക്കൂ.
14. സീബ്ര ലൈനിൽ ആരെങ്കിലും റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നത് കണ്ടാൽ, ഒന്നും നോക്കില്ല സ്റ്റോപ്പ്‌ ലൈനിൽ നിർത്തി കൊടുക്കും.
15. എന്റെ വാഹനം ഞാൻ കൃത്യമായ ഇടവേളകളിൽ മെയിൻറ്നൻസ് ചെയ്ത് പൊല്യൂഷൻ സിർട്ടിഫിക്കറ്റ് എടുത്ത് വെക്കും.

നാടിനും വീടിനും നൊമ്പരമാകാതിരിക്കട്ടെ നിങ്ങളുടെ യാത്രകൾ.അപ്പോൾ ശുഭയാത്ര….

Back to top button
error: